ക്ലാസ് മുറി ഭിത്തിയിൽ ചാണകം തേച്ച ഡൽഹി ലക്ഷ്മി ഭായി കോളേജ് പ്രിൻസിപ്പൽ പ്രത്യൂഷ് വത്സല രാജിവെക്കണമെന്ന് എന്എസ്യുഐ. കോളേജിലെ അടിസ്ഥാന സൗകര്യ വികസനത്തിലും ശാസ്ത്രീയ ചിന്തകളിലും ശ്രദ്ധയുന്നേണ്ട പ്രിൻസിപ്പൽ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ഇന്ത്യൻ നാഷണൽ ടീച്ചേഴ്സ് കോൺഗ്രസ് ചോദിച്ചു. പരമ്പരാഗത ശീതീകരണ രീതികളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു ചാണകം തേക്കൽ എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ ക്ലാസ് മുറി ഭിത്തിയിൽ കയ്യിൽ വാരിയെടുത്ത ചാണകം തേച്ചുപിടിപ്പിക്കുന്ന സ്വന്തം ദൃശ്യം പ്രിൻസിപ്പൽ പ്രത്യൂഷ് വത്സല തന്നെയാണ് അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടത്. ചാണകം തേച്ച ഭിത്തിയുള്ള ക്ലാസ് പുതുമ ഉണ്ടാക്കുമെന്നും അധ്യാപനം ആഹ്ളാദകരമാകും എന്നുമായിരുന്നു അടിക്കുറിപ്പ്. സംഗതി വിവാദമായതോടെ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തി. ഇന്ത്യയിലെ പരമ്പരാഗത ശീതീകരണ രീതികളെ കുറിച്ച് അധ്യാപകരിൽ ഒരാൾ ഗവേഷണം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ചാണക പരീക്ഷണം എന്നുമായിരുന്നു മറുപടി.
എന്നാൽ ആർഎസ്എസിലും ബിജെപിയിലും മുന്നിലെത്താനുള്ള മാർഗമാണ് പ്രിൻസിപ്പൽ തേടിയതെന്നും രാജിവെക്കണം എന്നുമാണ് എന്എസ്യുഐയുടെ ആവശ്യം. ബാപ്പുവും നെഹ്റുവും അംബേദ്കറും അടിത്തറ ഇട്ട ശാസ്ത്രീയ ചിന്തകൾക്ക് മേലാണ് ചാണകം പൂശൽ എന്നും എന്എസ്യുഐ വിമർശിച്ചു. കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം പ്രിൻസിപ്പൽ ചാണകം പുരട്ടുന്ന തിരക്കിലാണെന്ന് നാഷണൽ ടീച്ചേഴ്സ് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫസർ പങ്കജ് ഗാർഗും വിമർശിച്ചു.