ഹിജാബ് ധരിച്ച് കോളജിലെത്തുന്നത് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുംബൈയിലെ ഒരു കോളജാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കോളജിന്‍റെ നടപടി നവംബര്‍ 18 വരെ സ്റ്റേ ചെയ്താണ് സുപ്രീംകോടതി ഉത്തരവിട്ടത്. പെണ്‍കുട്ടികള്‍ പൊട്ടുകുത്തിയെത്തിയാല്‍ നിങ്ങള്‍ വിലക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവ കോളജിനുള്ളില്‍ ധരിക്കുന്നത് വിലക്കുന്നതായിരുന്നു സര്‍ക്കുലര്‍.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയാല്‍ ഹിന്ദുമത വിശ്വാസികളായ പെണ്‍കുട്ടികള്‍ കാവി നിറത്തിലെ ഷാളുകള്‍ അണിഞ്ഞെത്തുമെന്നും ഈ സാഹചര്യം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം, ക്ലാസ്മുറികള്‍ക്കുള്ളില്‍ ബുര്‍ഖ ധരിക്കരുതെന്നും മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഹിജാബ് വിലക്കിയുള്ള മുംബൈ കോളജിന്‍റെ നടപടിയെ ബോംബൈ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് കോളജിലെ രണ്ടും മൂന്നും വര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥികള്‍ പരമോന്നത കോടതിയെ സമീപിച്ചത്. കോളജിന്‍റെ നടപടി ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാനും, സ്വകാര്യതയ്ക്കും, തിരഞ്ഞെടുപ്പിനുമുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.