കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കൈമാറണം എന്ന ഉദ്ദേശ്യമില്ലാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ല എന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി.
ഹൈക്കോടതിയുടെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും കേസ് വിചാരണക്കോടതി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല എന്നിവരുടെ ബഞ്ച് നിര്‍ദേശിച്ചു.‘കുട്ടികളുടെ അശ്ലീലദൃശ്യം’ എന്നത് ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ’ എന്ന് പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് പാര്‍ലമെന്‍റിനോടും ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സര്‍ക്കാരിനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഇനി ഉപയോഗിക്കരുതെന്നും എല്ലാ കോടതികൾക്കും നിർദേശം നൽകി. ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലിലാണ് സുപ്രധാന വിധി.