Image (Right- AI Generated)
ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായെത്തിയ സ്ത്രീയോട് ജഡ്ജി അപമര്യാദയായി സംസാരിച്ചുവെന്ന് റിപ്പോര്‍ട്ട്. പൂണെയിലെ ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങളുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി താലിമാല ഇടാത്തതും സിന്ദൂരം ചാര്‍ത്താത്തതും ജഡ്ജി ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുണെ ജില്ലാ കോടതിയിലെ അഭിഭാഷകനായ അങ്കുര്‍ ആര്‍ ജവഹിര്‍ദാറാണ് ലിങ്ക്ഡ്ഇനിലൂടെ വിവരം പങ്കുവച്ചത്. ദമ്പതിമാര്‍ പിന്നീട് ബന്ധം വേര്‍പെടുത്തിയെന്നും അങ്കുര്‍ കുറിക്കുന്നു.
ദീര്‍ഘനാളായി അകന്ന് കഴിയുന്ന ദമ്പതിമാര്‍ മധ്യസ്ഥതയ്ക്കായി എത്തി. സംസാരത്തിനിടയില്‍ ജഡ്ജി യുവതിയോട് ' നിങ്ങള്‍ താലിമാലയും സിന്ദൂരവും ധരിച്ചിട്ടില്ലല്ലോ? വിവാഹിതയായ സ്ത്രീയെ പോലെ നിങ്ങള്‍ പെരുമാറിയില്ലെങ്കില്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നാനാണ്?' എന്നാണ് ചോദിച്ചത്.'
തന്‍റെ ഒരു കക്ഷിയോട് വളരെ മോശമായി സംസാരിച്ചതിനും താന്‍ സാക്ഷിയാണെന്നും അങ്കുര്‍ വിശദീകരിക്കുന്നു. ' നല്ല വരുമാനമുള്ള ഒരു സ്ത്രീ എപ്പോഴും തന്നെക്കാള്‍ വരുമാനമുള്ള പുരുഷനെ മാത്രമേ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയുള്ളൂ. ഒരിക്കലും കുറഞ്ഞ ശമ്പളക്കാരനെ വിവാഹം കഴിക്കില്ല. അതേസമയം, പുരുഷന്‍മാരാണെങ്കിലോ നല്ല ശമ്പളമുള്ളയാളും ഒരു പണിയുമില്ലാത്ത സ്ത്രീയെ വിവാഹം കഴിച്ചെന്നിരിക്കും. നോക്കൂ, ആണുങ്ങള്‍ എത്രമാത്രം സഹകരിച്ചാണ് സമൂഹത്തില്‍ ജീവിക്കുന്നത്. നിങ്ങളിങ്ങനെ കടുംപിടുത്തം കാണിക്കരുത്' എന്നായിരുന്നു ജഡ്ജിയുടെ വാക്കുകളെന്നും അങ്കുര്‍ പറയുന്നു.
ന്യായിധിപന്‍മാരില്‍ നിന്നുണ്ടാകുന്ന ഇത്തരം സംസാരങ്ങള്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കപ്പെടരുതെന്നും എഴുതാനാണെങ്കില്‍ നിരവധി കേസുകള്‍ വിശദീകരിക്കാനുണ്ടെന്നും കോടതി മുറികളില്‍ മാറ്റം വരേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. കടുത്ത വിമര്‍ശനമാണ് ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ന്യായാധിപന്‍മാര്‍ തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാനാണെന്നും എങ്ങനെ നീതി നടപ്പിലാകുമെന്നും പലരും കുറിച്ചു.
ഇതാദ്യമായല്ല താലിയും സിന്ദൂരവും സ്ത്രീകള്‍ ധരിക്കാത്തതിനെതിരെ കോടതിയില്‍ സംസാരമുണ്ടാകുന്നത്. താലിമാലയും സിന്ദൂരവും ധരിക്കാതിരിക്കുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്നായിരുന്നു 2022ല്‍ മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. താലിയും സിന്ദൂരവും ധരിക്കാത്ത ഭാര്യയില്‍ നിന്നും വിവാഹമോചനം അനുവദിക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതിയില്‍ നിന്ന് ഈ പരാമര്‍ശം ഉണ്ടായത്.