ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ അദാനിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി വിറ്റ് അദാനി കോടികള്‍ കൊയ്യുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. അധികാരത്തിൽ എത്തിയാൽ സത്യം പുറത്തുകൊണ്ടുവരുമെന്നും സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്നും കോൺഗ്രസ് പ്രതികരിച്ചു.
അദാനി ഗ്രൂപ്പ് പൊതുമേഖല വൈദ്യുതി കമ്പനികള്‍ക്ക് ഗുണ നിലവാരം കുറഞ്ഞ കല്‍ക്കരി നൽകി ലാഭം ഉണ്ടാക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയര്‍ത്തിയതാണ്. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് ആണ് ഒസിസിആര്‍പി പുറത്ത് വിട്ടത്. 2014 ജനുവരിക്കും ഒക്‌ടോബറിനും ഇടയിൽ തമിഴ്‌നാട് തീരത്ത് നടത്തിയ 24 ചരക്കു നീക്കങ്ങളെങ്കിലും തട്ടിപ്പായിരുന്നുവെന്നാണ് ഒസിസിആര്‍പി പറയുന്നത് . തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് ടണ്ണിന് 28 ഡോളർ മാത്രം വിലയുളള കൽക്കരി 86 ഡോളറിനാണ് വിറ്റത് . ഒരു ടണ്ണിന് മൂന്നിരട്ടിയാണ് അദാനി ഉണ്ടാകിയ ലാഭം.
ബിജെപി സർക്കാരിലെ വൻ കൽക്കരി കുംഭകോണം പുറത്തുവന്നു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. വർഷങ്ങളായി തുടരുന്ന ഈ അഴിമതിയിലൂടെ അദാനി ആയിരക്കണക്കിന് കോടി കൊള്ളയടിച്ചു. ഇഡിയും സിബിഐയും ഐടിയും മിണ്ടാതിരിക്കാൻ എത്ര ടെമ്പോകൾ വേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുൽ.
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ ഈ വമ്പൻ അഴിമതി അന്വേഷിക്കുമെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചു. ഇന്ത്യ സഖ്യം മുന്നേറാൻ ആരംഭിച്ചതോടെ മോദി അദാനി ബന്ധവും അഴിമതിക്കഥകളും പുറത്തുവരാൻ തുടങ്ങിയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. മോദി അദാനി ബന്ധം ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ പുതിയ റിപ്പോർട്ട് കൂടി ഉയർത്തിയാണ് പ്രചാരണ റാലികളിൽ പ്രധാനമന്ത്രിയെയും സർക്കാരിനെയും കടന്നാക്രമിക്കുന്നത്.