രാജ്യത്തെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ അസമിലെ ധുബ്രി ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുൾ ഹുസൈൻ വിജയിച്ചു. 10,12,476 വോട്ടിനാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) തലവൻ ബദറുദ്ദീൻ അജ്മലിനെ ഇദ്ദേഹം പരാജയപ്പെടുത്തിയത്. അസം രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ബദ്‌റുദ്ദീൻ അജ്മൽ 2009 മുതൽ ധുബ്രി എം.പിയാണ്.
സംസ്ഥാനത്തെ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഉപനേതാവ് കൂടിയായ ഹുസൈൻ 14,71,885 വോട്ടുകൾ നേടിയപ്പോൾ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയും ജനവിധി തേടുന്ന അജ്മൽ 4,59,409 വോട്ടുകൾ പെട്ടിയിലാക്കി.
എൻ.ഡി.എ ഘടകകക്ഷിയായ അസം ഗണപരിഷത്തിന്റെ സബേദ് ഇസ്ലാം 4,38,594 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ആകെ 13 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മെയ് 7 ന് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 92.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അസമിലെ 14 സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസ് നേടി.