droupadi-murmu-2

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം. 50 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നീറ്റ് പരീക്ഷയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും കടന്നുവന്നു.  അടിയന്തരാവസ്ഥയും പരാമര്‍ശിച്ചു. വിവാദ വിഷയങ്ങള്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

 

ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചും യുവാക്കള്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനെ കുറിച്ചും പറയുന്നതിനിടെയാണ് നീറ്റ് വിവാദം രാഷ്ട്രപതി പരാമര്‍ശിച്ചത്. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ഈ സമയം നീറ്റ്, നീറ്റ് എന്നുപറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞപ്പോള്‍ മണിപ്പൂര്‍ ഉയര്‍ത്തിയും പ്രതിപക്ഷ ബഹളമുണ്ടായി.

കഴിഞ്ഞ 10 വര്‍ഷത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി. സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കും. പി.എം.ആവാസ് യോജന പ്രകാരം സ്ത്രീകള്‍ക്ക് വീടുകള്‍ നല്‍കി. കര്‍ഷക ക്ഷേമമാണ് ലക്ഷ്യം. ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകും. 70 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതി അവതരിപ്പിക്കുമെന്നും ദ്രൗപതി മുര്‍മു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും  ഭരണഘടന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും പറഞ്ഞപ്പോള്‍ ഭരണപക്ഷം കയ്യടിച്ചു.  പ്രതിപക്ഷം പ്രതിഷേധിച്ചു

രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. പുതിയ പാര്‍ലമെ‍ന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലുമായാണ് രാഷ്ട്രപതിയെ അകത്തേക്ക് ആനയിച്ചത്. ഇനി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് പാര്‍ലമെന്‍റില്‍. 

ENGLISH SUMMARY:

President's address adds fire to bjp's emergency offensive against congress