modi-rahul

മോദി -രാഹുല്‍ പോരിനാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം സാക്ഷ്യംവഹിച്ചത്. നീറ്റ്, അഗ്നിവീര്‍, മണിപ്പുര്‍ വിഷയങ്ങള്‍ ഉയര്‍ത്തി രാഹുല്‍ സഭയില്‍ കത്തിക്കയറിയപ്പോള്‍ അതേ നാണയത്തില്‍ പ്രധാനമന്ത്രിയും തിരിച്ചടിച്ചു. വ്യക്തിപരമായ പരിഹാസങ്ങള്‍ക്കും സഭ സാക്ഷ്യംവഹിച്ചു.

 

10 വര്‍ഷത്തിന് ശേഷം പ്രതിപക്ഷ ശബ്ദം ഉച്ചത്തില്‍ കേട്ടു എന്നതാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. ബി.ജെ.പിക്കെതിരെ സഭയ്ക്കു പുറത്ത് നടത്തിയ ആരോപണങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ഉയര്‍ത്തി. ബി.ജെ.പിയുടെ ഹിന്ദുത്വ വാദത്തെ പ്രതിരോധിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പക്ഷേ ചെറുതായെങ്കിലും തിരിച്ചടിച്ചു. ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന പലരും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന പരാമര്‍ശം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി. രാഹുല്‍ ഉദ്ദേശിച്ചത് ബി.ജെ.പിയെ ആണെങ്കിലും മുഴുവന്‍ ഹിന്ദു സമൂഹത്തെയും രാഹുല്‍ അപമാനിച്ചെന്നും ഹിന്ദുക്കള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും പറഞ്ഞാണ് പ്രധാനമന്ത്രി തിരിച്ചടിച്ചത്. 

സൈനികരെ ഉപയോഗിച്ച ശേഷം വലിച്ചെറിയാനുള്ള പദ്ധതിയാണ് അഗ്നിവീറെന്നായിരുന്നു രാഹുലിന്‍റെ അടുത്ത ആരോപണം. സൈന്യത്തെ ആധുനികവല്‍ക്കരിക്കേണ്ടതിന്‍റെ ആവശ്യകത പറഞ്ഞും കോണ്‍ഗ്രസ് ഭരണത്തില്‍ സൈന്യം അവഗണന നേരിട്ടെന്ന് ആരോപിച്ചും മോദി ഇതിന് മറുപടി നല്‍കി. പ്രതിപക്ഷം തുടര്‍ച്ചയായി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട നീറ്റ് വിവാദത്തില്‍ രാഹുലിന്‍റെ ആരോപണങ്ങളോട് സംയമനത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. നീറ്റ് പരീക്ഷ സമ്പന്നര്‍ക്കുവേണ്ടി മാത്രമായെന്നും വിദ്യാര്‍ഥികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും രാഹുല്‍ പറഞ്ഞപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തുവെന്ന് മോദി.

മണിപ്പുരിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടത് ബി.ജെ.പിയാണെന്നും പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും ഉള്ള ആരോപണത്തിന് പതിവുപോലെ മൗനമായിരുന്നു മോദിക്ക്. സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. സഭയില്‍ രാഹുല്‍ പച്ചക്കള്ളം പറയുകയാണെന്ന് പറഞ്ഞ് മോദി ഇതിനെ പ്രതിരോധിച്ചു. വ്യക്തിപരമായ പരിഹാസങ്ങളും സഭാതലത്തിലുണ്ടായി. മോദി സാധാരണ മനുഷ്യനല്ലെന്നും ദൈവവുമായി നേരിട്ട് സംസാരിക്കുന്ന ആളാണെന്നും ബി.ജെ.പി നേതാക്കളുടെ മുന്‍ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി രാഹുല്‍. രാഹുലിന് പിള്ള മനസാണെന്ന് മോദിയും.

ENGLISH SUMMARY:

Modi-Rahul fight in the first session of the 18th Lok Sabha