തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആരോപണം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരാണ് ഇത്തരത്തിലൊരു ഹീനപ്രവര്‍ത്തിക്ക് കൂട്ടുനിന്നത് എന്ന ആരോപണം അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
എന്‍.ഡി.എ സമ്മേളനവേദിയില്‍ വച്ചായിരുന്നു ചന്ദ്രബാബു നായിഡു മുന്‍ സര്‍ക്കാരിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല, ഇത് തീര്‍ത്തും വിദ്വേഷം പരത്താനുള്ള ശ്രമമാണ് എന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. തിരുമല തിരുപ്പതി ദേവസ്വത്തിന്‍റെ കീഴിലാണ് ക്ഷേത്രം.
കഴിഞ്ഞ അഞ്ചു വര്‍ഷം തിരുപ്പതി ക്ഷേത്രത്തിന്‍റെ പവിത്രതയെ തന്നെ കളങ്കപ്പെടുത്തുന്ന നീക്കമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊണ്ടത്. നെയ് ഉപയോഗിക്കേണ്ടതിനു പകരം ലഡുവില്‍ ഉപയോഗിച്ചത് മൃഗക്കൊഴുപ്പ്. അന്നദാനത്തില്‍ പോലും കയ്യിട്ടുവാരി. കൃത്രിമം കാട്ടി. ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഇത്. നിലവില്‍ ശുദ്ധമായ നെയ് ആണ് ലഡുവിനായി ഉപയോഗിക്കുന്നത് എന്നാണ് സമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞത്.
തിരുപ്പതി ക്ഷേത്രത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും കളങ്കപ്പെടുത്തുന്നതാണ്. കോടിക്കണക്കിന് വിശ്വാസികളെ ആശങ്കയിലാക്കുന്ന കാര്യമാണിതെന്ന് വ്യക്തമാക്കി വൈ.എസ്.ആര്‍ കോണ്ഡഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ശുഭ റെഡ്ഡി വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞത് തീര്‍ത്തും അവാസ്തവമായ കാര്യമാണ്. ക്ഷേത്ര പരിശുദ്ധിയെപ്പോലും കളങ്കപ്പെടുത്തുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. വിദ്വേഷം പരത്താനായി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ആരും നടത്തില്ല. രാഷ്ട്രീയനേട്ടത്തിനായി ഏതറ്റം വരെയും പോകാന്‍ അദ്ദേഹത്തിന് മടിയില്ല. വിശ്വാസികള്‍ക്കു വേണ്ടി ക്ഷേത്രത്തില്‍ വച്ച് താനും തന്‍റെ കുടുംബവും ഇത്തരമൊരു നീച പ്രവര്‍ത്തി നടന്നിട്ടില്ല എന്ന് ആണയിട്ടു പറയാന്‍ തയ്യാറാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും അതിനുള്ള ധൈര്യമുണ്ടോ എന്ന് എം.പി വെല്ലുവിളിക്കുകയും ചെയ്തു.