ഹരിയാനയിലെ ജുലാന മണ്ഡലം ശ്രദ്ധേയമാകുന്നത് ഒളിംപ്യൻ വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർഥിത്വം കൊണ്ടാണ്. വിനേഷിന്റെ വ്യക്തി പ്രഭാവത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കന്നിയങ്കത്തിന്‍റെ ആശങ്കയേതും വിനേഷിന്റെ പ്രചാരണത്തിനില്ല.
ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. സിർസ ഖേരിയിൽ എത്തുമ്പോൾ നിശ്ചയിച്ചതിലും രണ്ടര മണിക്കൂർ വൈകി. പക്ഷേ പ്രവർത്തകരുടെ ആവേശത്തിന് കുറവൊട്ടുമില്ല. വീടുകളിൽ കയറി മുതിർന്നവരുടെ ആശീർവാദം തേടുകയാണ് വിനേഷ്.
Also Read: 'രാജ്യം തനിക്കൊപ്പം, തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിക്കും'
വിനേഷ് ജയിക്കുമെന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് സംശയമില്ല. ഭൂരിപക്ഷവും അവർ പ്രവചിക്കുന്നു. അർഹതപ്പെട്ടവർക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ലെന്നാണ് ചിലർക്ക് പരാതി. ഇതൊക്കെ തിരഞ്ഞെടുപ്പ് സമയത്ത് പതിവല്ലേ എന്ന് മറുചോദ്യം.
ഹരിയാനയിൽ വിനേഷ് വലിയൊരു പ്രതീകമാണ്. അഭിമാനത്തിന്റെ, ചെറുത്തുനിൽപ്പിൻ്റെ, പെൺമയുടെ ഒക്കെ പ്രതീകം. അത് സ്ത്രീ വോട്ടർമാരിലടക്കം ഉണ്ടാക്കുന്ന ആവേശത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷയും ബിജെപിയുടെ ആശങ്കയും.