ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന് മിന്നും ജയത്തോടെ ഭരണത്തുടര്‍ച്ച.  ഹേമന്ത് സോറന്‍ നേതൃത്വം നല്‍കിയ സഖ്യം 57 സീറ്റോടെ വന്‍മുന്നേറ്റം നടത്തിയപ്പോള്‍ എന്‍.ഡി.എ 23 സീറ്റിലൊതുങ്ങി.  ചംപയ് സോറന്‍റെ വരവും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രചാരണവും ബി.ജെ.പിക്ക് ഗുണം ചെയ്തില്ല. 

കരുത്ത് തെളിയിച്ചാണ് വീണ്ടും ഹേമന്ത് സോറന്‍റെ തേരോട്ടം.  ബിജെപിയുടെ അവകാശ വാദങ്ങളും എക്സിറ്റ് പോള്‍ പ്രവചനങ്ങളും കാറ്റില്‍പറത്തി ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം നേടിയത് വന്‍വിജയം.  മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 34 സീറ്റും കോണ്‍ഗ്രസ് 17 സീറ്റും  സി.പി.ഐ.(എം.എല്‍)എല്‍ 2 സീറ്റും സ്വന്തമാക്കി.   

ബര്‍ഹെയ്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നാല്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഗമാലിയൻ ഹെംബ്രോമിനെ തോല്‍പ്പിച്ചത്. ഹേമന്ത് സോറന്‍റെ  ഭാര്യ കല്‍പന സോറന്‍ ഗണ്ഡേയിലും സഹോദരൻ ബസന്ത് സോറന്‍ ദുംകയിലും വിജയിച്ചു. 

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വമ്പന്‍ പ്രചാരണം നയിച്ചിട്ടും ബി.ജെ.പിക്ക് നേടാനായത് 21 സീറ്റുമാത്രം.  സഖ്യകക്ഷികള്‍ മൂന്നും സീറ്റും നേടി.  

ജെഎംഎം വിട്ടുവന്ന ചംപയ് സോറൻ സെറൈകെല്ലയിൽ വിജയിച്ചെങ്കിലും ആദിവാസി മേഖലകളെ ഒപ്പംനിര്‍ത്തുകയെന്ന ലക്ഷ്യം ഫലം കണ്ടില്ല. ധന്‍വാറില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്‍ഡി വിജയിച്ചു.  2019ല്‍‌ ഇന്ത്യാ സഖ്യത്തിന് 47 സീറ്റും എന്‍.ഡി.എയ്ക്ക് 27 സീറ്റുമാണുണ്ടായിരുന്നത്.  

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകഴറ്റവും ആദിവാസ വിഷയങ്ങളും കോണ്‍ഗ്രസ് പിന്നാക്ക സംവരണം അവസാനിപ്പിക്കുമെന്ന പ്രചാരണവുമായിരുന്നു ഇത്തവണ ബിജെപിയുടെ പ്രധാന ആയുധങ്ങള്‍. ആദിവാസി മേഖലകളിലെ പിന്തുണ നിലനിര്‍ത്താനായതും സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകാന്‍ കല്‍പന സോറന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ മയ്യാ സമ്മാൻ യോജനയുമെല്ലാം ജെ.എം.എമ്മിന്‍ഖെ ഭരണത്തുടര്‍ച്ചയ്ക്ക് കാരണമായി. 

ENGLISH SUMMARY:

India Alliance retain power in Jharkhand by increasing 10 seats.