ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ തോറ്റ ക്ഷീണം മാറ്റി ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന മില്‍കിപൂര്‍ അസംബ്ലി സീറ്റില്‍ സമാജ്‍വാദി പാര്‍ട്ടിക്കെതിരെ വമ്പന്‍ വിജയമാണ് ഭരണകക്ഷി നേടിയത്. ബിജെപി സ്ഥാനാര്‍ഥി ചന്ദ്രബാനു പസ്വാന്‍ 61,000 വോട്ടിനാണ് എസ്‍പിയുടെ സിറ്റിങ് സീറ്റില്‍ വിജയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി തോറ്റതോടെയാണ് മില്‍കിപൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. മില്‍കിപൂരില്‍ എംഎല്‍എയായിരുന്ന അവ്ദേഷ് പ്രസാദ് രാജിവച്ചാണ് ഫൈസാബാദില്‍ മത്സരിച്ചത്. അവ്ദേഷ് പ്രസാദിന്‍റെ മകന്‍ അജിത് പ്രസാദായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി.
അയോധ്യ മണ്ഡലത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി ജയിച്ചത് ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 54,000 വോട്ടിനാണ് ബിജെപി ഫൈസാബാദില്‍ തോറ്റത്. അവദേഷ് പ്രസാദിന്‍റെ വിജയം പാര്‍ലമെന്‍റിനകത്ത് അടക്കം ഇന്ത്യാ സഖ്യം ചര്‍ച്ചയാക്കിയിരുന്നു. അതിനാല്‍ തന്നെ ആധിപത്യം തിരിച്ചുപിടിക്കാൻ മിൽകിപൂരിലേത് അഭിമാന പോരാട്ടമാക്കിയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം മണ്ഡലത്തിലെത്തി വിപുലമായ പ്രചാരണം നടത്തിയിരുന്നു. ദേശീയതയും മക്കള്‍ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമെന്നാണ് ഉപതെരഞ്ഞെടുപ്പിനെ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. എസ്പിയെ ക്രിമിനലുകളുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അയോധ്യയിലെ തോല്‍വിക്ക് പ്രതികാരം ചെയ്യാന്‍ മില്‍കിപൂരില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളും ഭരണവും തമ്മിലുള്ള പോരാട്ടം എന്നായിരുന്നു അഖിലേഷ് യാദവ് മത്സരത്തെ വിശേഷിപ്പിച്ചത്.
തോല്‍വി ഉറപ്പിച്ചതോടെ, തിരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്താണ് ബിജെപി വിജയമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഒരു അസംബ്ലി മണ്ഡലത്തില്‍ തട്ടിപ്പ് നടക്കുമെന്നും 403 അസംബ്ലി മണ്ഡലത്തില്‍ ഇത് നടക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.