ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു.എസ്. ഫണ്ട് ലഭിച്ചെന്ന വിവാദം ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു. ഫണ്ട് നല്‍കിയത് സുഹൃത്ത് പ്രധാനമന്ത്രിക്കാണെന്ന യു.എസ്. പ്രസിഡന്‍റിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് ആയുധമാക്കി. 21 ദശലക്ഷം ഡോളര്‍ എവിടെപ്പോയെന്നും വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടത്തിയത് ഈ പണം കൊണ്ടാണോ എന്നും വക്താവ് പവന്‍ ഖേര ചോദിച്ചു.
തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നല്‍കിയ പണത്തെ കുറിച്ച് ഡോണള്‍ഡ് ട്രംപ് പറയുന്നത്. മറ്റുചിലരെ തിരഞ്ഞെടുക്കാന്‍ ഈ പണം ഉപയോഗിക്കുന്ന എന്നാണ് ആദ്യം പറഞ്ഞതെങ്കില്‍ ഇന്നലെ കൃത്യമായി പേരുപറഞ്ഞായിരുന്നു പ്രതികരണം. സുഹൃത്തായ പ്രധാനമന്ത്രി മോദിക്ക് 21 മില്ല്യന്‍ ഡോളര്‍ നല്‍കുന്നുവെന്നും ഇത് എന്തിന് എന്നുമായിരുന്നു ചോദ്യം.
കോണ്‍ഗ്രസിന് നിനക്കാതെ കിട്ടിയ ആയുധമായി ട്രംപിന്‍റെ പ്രതികരണം. 21 ദശലക്ഷം ഡോളര്‍ എന്തുചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ പവന്‍ ഖേര രാജ്യത്തെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താനാണോ ഈ പണം ബി.ജെ.പി. ഉപയോഗിച്ചതെന്നും ചോദിച്ചു.
ട്രംപിന്‍റെ പരാമര്‍ശത്തില്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല. ഫണ്ട് ഇന്ത്യയ്ക്കല്ല, ബംഗ്ലദേശിനാണ് നല്‍കിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകവെ ബി.ജെ.പി. നേതാവ് അമിത് മാള്‍വ്യ പരിഹസിച്ചു.