മഹാരാഷ്ട്രയില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ധവ് പക്ഷ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ഉന്നമിട്ട് ശിവസേനയുടെ 'ഓപ്പറേഷന്‍ ടൈഗര്‍'. ഒരുവിഭാഗം എം.പിമാരെ കൂറുമാറ്റി ഉദ്ധവ് വിഭാഗത്തെ വീണ്ടും പിളര്‍ത്തുകയാണ് ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ ശിവസേന ഉദ്ധവ് പക്ഷത്തെ പല നേതാക്കളും അസ്വസ്ഥരാണ്. ഇത് മുതലെടുക്കുകയാണ് ഷിന്‍ഡെ പക്ഷം. തന്നെ കാലുവാരിയെന്ന പേരിലാണ്, കൊങ്കണ്‍ മേഖയിലെ കരുത്തനും ഉദ്ധവിന്‍റെ വിശ്വസ്തനുമായിരുന്ന രാജന്‍ സാല്‍വി കഴിഞ്ഞദിവസം ശിവസേനയില്‍ ചേര്‍ന്നത്. ഷിന്‍ഡെ പക്ഷത്തെ കേന്ദ്രസഹമന്ത്രി പ്രതാപ്റാവു ജാദവ് ഡല്‍ഹിയില്‍ നടത്തിയ അത്താഴ വിരുന്നില്‍ നാല് ഉദ്ധവ് പക്ഷ എം.പിമാര്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം ഓപ്പറേഷന്‍ ടൈഗറിന്‍റെ ഭാഗമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അണിയറയില്‍ പറയുന്നത്.
ഉദ്ധവ് പക്ഷത്തെ എട്ട് എം.പിമാരെയും മറുപക്ഷത്ത് എത്തിച്ച് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പുണ്ടാക്കാനാണ് നീക്കം. മുംബൈ കോര്‍പറേഷന്‍ അടക്കം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് കൂറുമാറ്റ ശ്രമങ്ങള്‍. ഏക്നാഥ് ഷിന്‍ഡെക്ക് ശരദ് പവാര്‍ അവാര്‍ഡ് സമ്മാനിച്ച വിഷയത്തില്‍ എന്‍സിപിയുമായുള്ള ഉദ്ധവ് പക്ഷത്തിന്‍റെ അകല്‍ച്ചയും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ശിവസേന.