മഹാത്മാഗാന്ധിയുടേയും സർദാർ വല്ലഭായ് പട്ടേലിന്‍റെയും ജന്മനാട്ടിൽ നടക്കുന്ന എ.ഐ.സി.സി സമ്മേളനം കോൺഗ്രസിന്‍റെ പോരാട്ടവഴികളെ കൂടിയാണ് കൂട്ടിയിണക്കുന്നത്. ഇന്ത്യ കണ്ട ശക്തനായ ഭരണാധികാരിയായ പട്ടേലിന്‍റെ 150–ാം ജന്മവാർഷികത്തിലാണ് സമ്മേളനം. ഗാന്ധിജിയും പട്ടേലും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് ഗുജറാത്തിലെ സത്യഗ്രഹകാലത്താണ്. കോൺഗ്രസ് അധ്യക്ഷനായി മഹാത്മാഗാന്ധി ചുമതലയേറ്റതിന്‍റെ ശതാബ്ദി വർഷം കൂടിയാണിത്.
നീണ്ട ജയിൽവാസം കഴിഞ്ഞ് ജയിൽമോചിതനായ ഗാന്ധി ഇരുമ്പഴിക്കുള്ളിലെ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, ജയിൽ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പട്ടേലുമായി ഒരുമിച്ചു കഴിയാൻ സാധിച്ചു എന്നതാണ്. ഇരുവർക്കുമിടയിലെ ബന്ധത്തിന്‍റെ ആഴം വ്യക്തമാകുന്നുണ്ടിവിടെ. ഇരുവരും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച മണ്ണിൽ പുനരുജ്ജീവനത്തിനായി മാർഗങ്ങൾ തേടിയെത്തിയിരിക്കുകയാണ് കോൺഗ്രസ്.
സത്യഗ്രഹത്തിന്‍റെ ബാലപാഠങ്ങൾ ഗാന്ധിജി പരീക്ഷിച്ചതും ഇന്ത്യയെ പഠിപ്പിച്ചതും ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ വച്ചായിരുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയും ഉരുക്കു മനുഷ്യനായ പട്ടേലും ഒരുമിച്ചപ്പോൾ പുതിയ ഇന്ത്യ പിറക്കുകയായിരുന്നു. പട്ടേലിന്‍റെ ഓർമ്മ കോൺഗ്രസ് ജൻമ ദിനത്തിലും ചരമ ദിനത്തിലും ഒതുക്കിയപ്പോൾ പടുകൂറ്റൻ പ്രതിമ നിർമ്മിച്ച് പാരമ്പര്യം കയ്യേറാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ഇരുവരും തങ്ങളുടെ പൈതൃകത്തിന്‍റെ ഭാഗമാണെന്ന് ഗുജറാത്തിലെ ഈ സമ്മേളനത്തിലൂടെ ഉറക്കെ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ്.