പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അഹമ്മദാബാദ് സമ്മേളനത്തിലെടുത്ത തീരുമാനങ്ങൾ താഴെതട്ടിലേക്കെത്തിക്കാൻ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പിസിസികൾ 10 ദിവസത്തിനുള്ളിൽ ഡിസിസികളെ ശക്തിപ്പെടുത്തി സമ്മേളന തീരുമാനങ്ങൾ ഡിസിസി അധ്യക്ഷൻമാരെ അറിയിക്കണം. ഡിസിസികൾ തീരുമാനങ്ങളും പ്രമേയവും പ്രാദേശിക ഭാഷകളിലേക്കാക്കി സാധാരണ പ്രവർത്തകരിലേക്ക് വരെ എത്തിക്കണമെന്നും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കി.
കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന തീരുമാനങ്ങള് പിന്നീട് തിരിഞ്ഞ് നോക്കാറില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ് എക്കാലവും കേട്ടിട്ടുള്ളതാണ്. അതില്‍ നിന്നും വ്യത്യസ്തമായി അഹമ്മദാബാദ് സമ്മേള നത്തിന്റെ ചൂടാറും മുന്പെ തീരുമാനങ്ങൾ താഴെതട്ട് വരെ എത്തിക്കാനുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് . സാധാരണ പ്രവര്‍ത്തകനിലേക്ക് വരെ ഏറ്റവും ലളിതമായി സമ്മേളന തീരുമാനവും പ്രമേയവും എത്തുന്ന തരത്തിലാണ് കര്‍മ്മ പദ്ധതി. 10 ദിവസത്തിനുള്ളിൽ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ജില്ല കമ്മിറ്റികളെ ശക്തിപ്പെടുത്തണം. ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ കാര്യത്തിൽ കേരള മാതൃകയാണ് ഹൈക്കമാൻഡ് ഉയർത്തിക്കാട്ടുന്നത്. പി സിസികൾ ഡിസിസി അധ്യക്ഷൻമാരുടെ യോഗത്തിൽ സമ്മേളന തീരുമാനങ്ങളും പ്രമേയങ്ങളും പാർട്ടി കാഴ്ചപ്പാടും വിശദീകരിക്കണം. ഡിസിസികളും സമാനമായി കീഴിലുള്ള കമ്മറ്റികളുടെയും പോഷക സംഘടന നേതാക്കളുടെയും യോഗം വിളിക്കണം. വിവരങ്ങൾ എല്ലാം പ്രാദേശിക ഭാഷയിലേക്ക് മാറ്റി ലഘുലേഖകളും റീലുകളുമാക്കണം.
ഇതിനായി പാർട്ടി ഡിജിറ്റൽ മീഡിയ സംഘങ്ങൾ സാധ്യമായതെല്ലാം ചെയ്യണം. ഇതോടൊപ്പം NDA , BJP സർക്കാരുകളെ തുറന്നു കാട്ടണം. ലഘുലേഖകളും മറ്റും മാർക്കറ്റുകൾ, മതപരമായ കൂട്ടായ്മകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വിതരണം ചെയ്യണം. പാർട്ടിയുടെ താഴെത്തട്ടിലെ പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പ്രാദേശികമാധ്യമങ്ങളെ ഡിസിസികൾ ക്ഷണിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ഡിസിസി ശാക്തീകരണ ചർച്ചകൾക്കായി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സംസ്ഥാനത്തെത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി വിലയിരുത്തും.