പത്തനംതിട്ട ഓതറ പടയണിയിൽ കളംനിറഞ്ഞ് 1001 പാളയിലെ മഹാഭൈരവി . മദ്ധ്യ തിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ഏറ്റവും വലിയ ഭൈരവിക്കോലം ഇറങ്ങുന്ന കരയാണ് ഓതറ. 

ആയിരത്തിലധികം പാളകൾ, നൂറിലധികം കലാകാരൻമാർ, ഒന്നു ചേർന്നു പൊലിപ്പിച്ചെടുത്തതാണ് മഹാഭൈരവി. കേരളത്തിലെ പടയണിക്കരകളിൽ ഓതറയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണ് 1001 പച്ചപ്പാളകൾ ചെത്തിയൊരുക്കി വരച്ചെടുത്ത ഭൈരവിക്കോലം. തടിച്ചക്രങ്ങൾ പിടിപ്പിച്ച ചട്ടത്തിൽ, കമുകിൽ തടിയുടെ ത്രികോണ രൂപത്തിലേക്കാണ് കുരുത്തോലയുടെ ഈർക്കിൽ കൊണ്ട് കോലം തയ്ച്ചെടുക്കുന്നത്. കരക്കൂട്ടായ്മയിൽ പുലർച്ചെ നാലു മണിയോടെ കോലം ഒരുങ്ങി.ഭീമാകാരമായ കോലത്തിലെ പന്തങ്ങൾ തെളിഞ്ഞതോടെ നാടുവിറയ്ക്കുന്ന വെടിക്കെട്ട്. മഹാഭൈരവി കളത്തിലേക്ക് എഴുന്നള്ളിയതോടെ ആർപ്പും കുരവയും പൂത്തിരിയും. കാവിലമ്മയ്ക്ക് കാഴ്ചയായി ആകാശത്ത് അമിട്ടുകൾ ചിതറി. പിഴകൾ പൊറുക്കണേയെന്ന് പ്രാർഥിച്ച് കരക്കൂട്ടം ആർത്ത് വിളിച്ചു. ഭൈരവി കളമൊഴിഞ്ഞതോടെ ഒരു പടയണിക്കാലത്തിനും പരിസമാപ്തിയായി.