സ്പീഡില്‍ പാഞ്ഞ് അപകടം ക്ഷണിച്ച് വരുത്തിയ വാഹനത്തിന്റെ ഡ്രൈവറെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന നാട്ടുകാരാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഉത്തരാഖണ്ഡിലെ റൂർക്കിയിലാണ് സംഭവം നടന്നത്. ഒരു ഇടുങ്ങിയ വഴിയിലൂടെ അതിവേഗത്തിലാണ് എസ് യു വിയുടെ യാത്ര. എതിർദിശയിലൂടെ പെട്ടെന്നൊരു ബൈക്ക് എത്തിയതോടെ വാഹനം നിർത്താൻ കഴിയാതെ വെട്ടിച്ചു മാറ്റുന്നു. തുടർന്ന് എസ് യു വി മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം സമീപമുണ്ടായിരുന്ന കടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ചെറിയ വഴിയാണെങ്കിലും അതിലൂടെ ആളുകൾ നടക്കുന്നതും ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതുമൊക്കെ കാണുവാൻ കഴിയും. അപകടത്തിൽ ആളപായമൊന്നുമില്ലെങ്കിലും എസ് യു വി ഇടിച്ചു തെറിപ്പിച്ച ബൈക്കിൽ യാത്ര ചെയ്തിരുന്ന വ്യക്തിയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . അപകടം നടന്നതിന് ശേഷം വാഹനത്തിൽ സഞ്ചരിച്ചിരുന്നവരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തടിച്ചു കൂടിയവർ വാഹനം സാരമായ രീതിയിൽ തന്നെ നശിപ്പിച്ചു.