online-fraud

മുൻകാമുകിയെ വിവാഹം കഴിക്കാനായി കാമുകിയുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് യുവാവ്. കാമുകിയെ അപകീര്‍ത്തിപ്പെടുത്താനും, അതുവഴി അവളെ വിവാഹം കഴിക്കാന്‍ വീട്ടുകാരിൽ സമ്മർദ്ദം ചെലുത്താനുമാണ് സാകേത് സ്വദേശി കുമാർ അവിനാഷ് (24) ശ്രമിച്ചത്. ഡൽഹിയിലാണ് സംഭവം. 

 

സമൂഹമാധ്യമത്തിൽ വ്യാജഅക്കൗണ്ട് സൃഷ്ടിച്ച് മോശം ചിത്രങ്ങളും വീഡിയോയും അപ്േലാഡ് ചെയ്യുകയും ഒപ്പം യുവതിയുടെയും അമ്മയുടേയും ഫോൺ നമ്പറും സോഷ്യല്‍മിഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂൺ 1 മുതൽ അജ്ഞാത നമ്പറുകളിൽ നിന്ന് ഫോണ്‍ കോളുകളും മെസേജുകളും തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ആരോ തന്റെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായും പിന്നീട് യുവതി കണ്ടെത്തി. 

 

കേസ് ലഭിച്ചതിനെ തുടര്‍ന്ന്, ഐപി വിലാസം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീന പറഞ്ഞു. കോളജിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് യുവാവും പെൺകുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി ബന്ധത്തില്‍ നിന്നും പിൻമാറി. ഇതിനെത്തുടർന്നാണ് അപമാനമുണ്ടാക്കി സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കാൻ പ്രതി ശ്രമിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോണും, ലാ‌പ്‌ടോപും പൊലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Delhi Man Posts Ex-Girlfriend's Obscene Photos Online To Pressure Her For Marriage