നക്സല്‍ നേതാവായിരുന്ന ഗ്രോ വാസുവിന് കുട അന്നത്തിന്‍റെ രാഷ്ട്രീയമാണ്. തൊണ്ണൂറ്റി നാലാം വയസിലും കുടകള്‍ നിര്‍മ്മിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ സമരനായകന്‍ കഴിയുന്നത്. തനിച്ചാണ് ജീവിതമെങ്കിലും വിശ്രമമില്ലാത്തവര്‍ക്ക് ഒറ്റപ്പെടലിന്‍റെ ഭാരമില്ലെന്ന് ഗ്രോ വാസു പറയും.

പൊറ്റമ്മലിലെ ഒറ്റമുറി വാടക വീട്ടിലുണ്ട് ഗ്രോ വാസു എന്ന കോഴിക്കോട്ടുകാരുടെ വാസുവേട്ടന്‍. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ പോരാളിക്ക് കുട നിര്‍മ്മാണവും  ജീവിത സമരമാണ്. വാസുവേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചായക്കുള്ള വക. ഓരോ മഴക്കാലത്തും വീടിനോട് ചേര്‍ന്ന കടയില്‍ കുടകളുമായി ആ പഴയ നക്സലൈറ്റ് നേതാവ് ഉണ്ടാകും. 

ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും  അവകാശ സമരങ്ങളുടെ വേദികളില്‍ ഇന്നും ഗ്രോ വാസുവുണ്ട്. നവംബറില്‍ 95 തികയും. ഇനിയുള്ള കാലവും  ഇങ്ങനെ അധ്വാനിച്ച് കഴിയണമെന്നാണ് ആഗ്രഹം. ഒറ്റയ്ക്കാണെങ്കിലും അവസാനിക്കാത്ത തിരക്കുകള്‍ വിപ്ലവകാരിയെ തനിച്ചാക്കാറില്ല.