ambulance-pilotjeep

കൊട്ടാരക്കരയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തിനു പൈലറ്റ് പോയ പൊലീസ് ജീപ്പ് രോഗിയുമായി പോയ ആംബുലൻസിൽ ഇടിക്കുന്ന രംഗമാണിത്. പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർക്കൊപ്പം ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസെടുത്തതോടെ സൈറണ്‍ വിളിച്ച് ചര്‍ച്ചകളും ട്രോളുകളും ബ്രേക്കില്ലാതെ കുതിച്ചു. നിരത്തില്‍ മന്ത്രിയുടെ വാഹനത്തിനാണോ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി കുതിക്കുന്ന ആംബുലന്‍സിനാണോ മുന്‍ഗണന ?. 

 

സംശയം വേണ്ട ആംബുലന്‍സിനു തന്നെ.  2017 ലെ ഡ്രൈവിങ് റെഗുലേഷനില്‍ റോഡില്‍ മുന്‍ഗണന നല്‍കേണ്ട വാഹനങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ആംബുലൻസ്. ഒന്നാം സ്ഥാനം ഫയര്‍ഫോഴ്സിനും രണ്ടാം സ്ഥാനം ആംബുലന്‍സിനും മൂന്നാമത് പൊലീസ് വാഹനത്തിനും. ഇങ്ങനെയാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പൊലീസ് വാഹനം എമർജൻസി വിഭാഗത്തിൽപെടുമെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഓടുമ്പോൾ മാത്രമേ ഈ പരിഗണന ലഭിക്കൂ എന്നു കൂടി ഓര്‍ക്കണം. മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും പൈലറ്റ് വാഹനങ്ങളും റോഡ് നിയമം ലംഘിച്ച് ചീറിപ്പായാന്‍ അധികാരമില്ലെന്നു നിയമം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് റോഡില്‍ പ്രത്യേക പരിഗണനയുമില്ല. മന്ത്രി വാഹനങ്ങളും പൈലറ്റ് വ്യൂഹവും എമര്‍ജന്‍സി ഗണത്തില്‍ വരുന്നില്ല. 

 

എമജന്‍സി വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ വരുമ്പോള്‍ റോഡിലെ മറ്റെല്ലാ വാഹനങ്ങളും വഴിയൊരുക്കേണ്ടതാണ്. തടസം സൃഷ്ടിച്ചാല്‍ ഡ്രൈവര്‍മാര്‍ പിഴയടക്കേണ്ടി വരും. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റെഡ് സിഗനലും വേഗപരിധിയും ബാധകമല്ല. നോ എന്‍ട്രിയും വണ്‍വേയും ലംഘിക്കാം. എന്നാൽ, മനുഷ്യജീവൻ അപകടത്തിലാണെങ്കിലോ, രോഗിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലാകുകയോ, കുറ്റകൃത്യം തടയുന്നതിനോ, അടിയന്തര സേവനം തടസ്സപ്പെടുന്ന ഘട്ടത്തിലോ, തീപിടിത്തമുണ്ടാകുമ്പോഴോ മാത്രമേ ഈ നിയമലംഘനത്തിന് അനുമതിയുള്ളൂ എന്നു പ്രത്യേകം ഓര്‍ക്കണം. 

 

കൊട്ടാരക്കര അപകടത്തില്‍ ട്രാഫിക് സിഗ്നലും ഡിവൈഡറും മറികടന്ന് മന്ത്രിയുടെ വാഹനവും പൊലീസ് പൈലറ്റ് ജീപ്പും നിയമലംഘനം നടത്തിയിട്ടും മോട്ടർ വാഹന വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഗതാഗത നിയമലംഘനം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞ് വാഹനങ്ങൾ നിർത്തിയ സമയത്താണ് ഡിവൈഡർ മറികടന്ന് പൈലറ്റ് ജീപ്പും മന്ത്രിയുടെ കാറും കടന്നുവന്നത്. സംഭവം നടന്ന പുലമൺ ജംക്‌ഷൻ മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറ നിരീക്ഷണത്തിലാണെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട അധികൃതർ അനങ്ങിയിട്ടില്ല. സിഗ്നൽ തകരാറായിരുന്നുവെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിനും സിസിടിവി ദൃശ്യങ്ങൾ തിരിച്ചടിയാണ്. സിഗ്നലിന് തകരാറില്ലായിരുന്നുവെന്ന് ദൃക്സാക്ഷികളും വെളിപ്പെടുത്തുന്നു. 

 

Minister Sivankutty's pilot jeep knocks over ambulance at Kottarakkara