ലക്ഷങ്ങള്‍ മുടക്കി രൂപകല്‍പ്പന ചെയ്ത ഡോഗ് സ്യൂട്ടിലൂടെ നായയാകാനുള്ള ആഗ്രഹം നിറവേറ്റിയ ജാപ്പനീസ് യുവാവ് വാര്‍ത്തകളിലിടം നേടിയിരുന്നു. നായയുടേതിന് സമാനമായ അൾട്രാ റിയലിസ്റ്റിക് ബോഡി സ്യൂട്ട് നിർമ്മിക്കാൻ അദ്ദേഹം 12 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ടുകള്‍.
ടോക്കോ എന്ന യുവാവിന്‍റെ ഈ വിചിത്രമായ പ്രവര്‍ത്തി ആളുകളില്‍ കൗതുകം ജനിപ്പിച്ചിരുന്നു. ഒപ്പം ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. ഇപ്പോഴിതാ താന്‍ നായ ആയി മാറാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തുകയാണ് ടോക്കോ. നായ്ക്കളുടെ ജീവിതം നയിക്കാൻ താൻ ആഗ്രഹിക്കുന്നു, തന്‍റെ ഈ ആഗ്രഹം വളരെ ആഴത്തിലുള്ളതാണെന്നും ടോക്കോ പറയുന്നു. അടുത്തിടയ്ക്ക് ടോക്കോയുടെ ‘ലൈഫ് ലൈക്ക് ഡോഗ്’ എന്ന പേരിലുള്ള വീഡിയോകൾ ഓൺലൈനിൽ വൈറലായിരുന്നു. 'എനിക്ക് ഒരു മൃഗമാകണം' എന്ന യൂട്യൂബ് ചാനലില്‍ നായയുടെ വേഷം സ്വീകരിച്ചതിന് ശേഷമുള്ള തന്‍റെ അനുഭവങ്ങള്‍ ടോക്കോ പങ്കുവെയ്ക്കുന്നുണ്ട്. "ഒരു മൃഗമാകാനുള്ള എന്റെ ആഗ്രഹം രൂപാന്തരപ്പെടാനുള്ള ആഗ്രഹം പോലെയാണ്... ഞാനല്ലാത്ത ഒന്നാകാനുള്ള ആഗ്രഹം." ടോക്കോ പറയുന്നു. ടോക്കോ ഇടയ്ക്കിടെ നായയുടെ വേഷം ധരിച്ച് വീടിന് സമീപമുള്ള സഥലങ്ങളില്‍ നടക്കുന്നതും ആളുകളെ കബളിപ്പിക്കുന്നതും പതിവാണ്.
നായ ആയി വേഷപ്പകര്‍ച്ച നടത്താനുള്ള തീരുമാനത്തെ ആദ്യം കുടുംബം എതിര്‍ത്തെങ്കിലും തന്‍റെ അതിയായ ആഗ്രഹം കണ്ട് അവര്‍ അംഗീകരിക്കാന്‍ തയാറായെന്നും ടോക്കോ പറയുന്നു. അടുത്തിടെ ടോക്കോയുടെ യൂട്യൂബ് ചാനൽ 50,000 അംഗങ്ങളിൽ എത്തി. വിമർശനങ്ങളും ഭിന്നാഭിപ്രായങ്ങളും നേരിടേണ്ടി വന്നിട്ടും, ടോക്കോ തന്റെ അഭിനിവേശത്തിൽ ഉറച്ചുനിൽക്കുന്നു. "ഞാൻ മൃഗങ്ങളെ ആരാധിക്കുന്നു, ഒരു നായ ആയി ആൾമാറാട്ടം ആസ്വദിക്കുന്നു," അദ്ദേഹം പറഞ്ഞു. “ഇത് എന്റെ ഹോബിയാണ്, അതിനാൽ ഞാൻ ഇത് തുടരും. ഇത് എന്നെ സന്തോഷിപ്പിക്കുന്നു, അത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു, ടോക്കോ പറയുന്നു.
Japanese man who transformed Into dog by wearing a dog suit clarifies true motive