china-language

 ചൈനക്കാര്‍ മലയാളം പറയുമോ? മലയാളവും ചൈനീസും കടുപ്പമേറിയ ഭാഷകളെന്നാണ് പൊതുവേ വിലയിരുത്തലെങ്കിലും  ഏഷ്യന്‍ ഗെയിംസ് വേദിയിലെത്തുന്ന ആര്‍ക്കും ഏതുഭാഷയിലും ചോദിക്കാം. കൃത്യമായ മറുപടി കിട്ടും.    

 

ചൈനീസ് ഭാഷയില്‍ വഴി ചോദിക്കുന്നതെങ്ങിനെയാണ്.അറിയില്ലെങ്കിലും ഏഷ്യന്‍ ഗെയിംസ് വേദിയിലെത്തിയാല്‍ പേടിക്കേണ്ടതില്ല. ലോക കായികമേളകൾക്ക് വേദിയൊരുക്കുമ്പോൾ ഇംഗ്ലീഷ് ആയിരുന്നു ചൈനയ്ക്ക് എന്നും വലിയ തലവേദന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്ന വിദേശികളുടെ ഏറ്റവും വലിയ ആശങ്കയും ആശയവിനിമയ സംവിധാനത്തിൽ ഉണ്ടാകുന്ന ഈ വൻമതിൽ ആയിരുന്നു.ദേശീയ ഭാഷ തന്നെയാണ് ആഗോള ഭാഷ എന്നു വിശ്വസിക്കുന്ന ചൈനക്കാർക്ക് ഇംഗ്ലീഷ് നോട് എല്ലാകാലത്തും ഒരു അകൽച്ചയുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് പുതിയ ഭാഷ പഠിക്കാൻ ഇവരാരും ശ്രമിച്ചിട്ടില്ല . 

എന്നാൽ ഇംഗ്ലീഷിന്റെ പരിമിതികളെ മറികടക്കാൻ ചൈന വികസിപ്പിച്ചെടുത്ത പരിഭാഷ യന്ത്രമാണ് ഗെയിംസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഐഡി കാർഡ് പോലെ തന്നെ ഏഷ്യൻ ഗെയിംസ് വളണ്ടിയർമാർക്കിടയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഈ പരിഭാഷ യന്ത്രം . നമ്മുടെ മലയാളം ഉൾപ്പെടെ ലോകത്തിൻറെ ഏത് ഭാഷയിൽ നിന്നുള്ള ചോദ്യങ്ങളും ചൈനീസിലേക്ക് വിവർത്തനം ചെയ്യാനും നമ്മുടെ ഭാഷയിൽ തന്നെ മറുപടി നൽകാനും ഈ യന്ത്രത്തിലൂടെ ഇവർക്ക് സാധിക്കുന്നു.