ഡോക്ടറാകാന്‍ കേരളത്തിലെത്തി പത്തുവര്‍ഷം കൊണ്ട് അടിമുടി മലയാളിയായി മാറിയ നാഗാലാന്‍ഡുകാരനാണ് വിസാസോ കിഖി. നന്നായി മലയാളം സംസാരിക്കും. കേരളത്തിന്‍റെ രുചികളോടും കടുത്ത അഭിനിവേശമാണ്. മലയാള സിനിമകളെ കുറിച്ചും കേരളത്തിന്‍റെ സാമൂഹ്യ പുരോഗതിയെകുറിച്ചും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഈ പി.ജി വിദ്യാര്‍ത്ഥി വാ തോരാതെ  സംസാരിക്കും. ചെറുപ്പത്തിലുണ്ടായ അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന വിസാസോ ആര്‍ക്കും മാതൃകയാക്കാവുന്ന ജീവിത പാഠം കൂടിയാണ്.  

 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിയാണ് ഡോ. വിസാസോ കിഖി. പത്ത് വര്‍ഷം മുമ്പ് എംബിബിഎസ് പഠനത്തിനായി തന്‍റെ ജന്മനാട്ടില്‍ നിന്നും 3800 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിസാസോ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നില്ല. കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള കേട്ടറിവില്‍ ബോധപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പായിരുന്നു. ഇന്ന് പത്ത് വര്‍ഷം കൊണ്ട് അടിമുടി അടിമുടി മലയാളിയായി മാറിയിരിക്കുകയാണ് വിസാസോ.

 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് പഠനത്തിനുശേഷം പിജി പഠനത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറി. രണ്ട് നഗരത്തിലെ വാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഭക്ഷണ വൈവിധ്യം. മലയാള സിനിമയുടെ കടുത്ത ആരാധകരന്‍കൂടിയാണ് ഈ യുവാവ്. ദുര്‍ഖര്‍ സല്‍മാനാണ് ഇഷ്ട താരം. 

 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ജീവിതത്തിലെ ആദ്യത്തെ ട്രെയിന്‍ യാത്രയിലുണ്ടായ അപകടത്തെ തുടര്‍ന്ന് വിസാസോയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ആ അനുഭവം ഒരു ഡോക്ടറാകാനുള്ള നിശ്ചയദാര്‍ഢ്യമായി മാറുകയായിരുന്നു. റെയില്‍വേയില്‍ ജോലി ലഭിച്ചതിനാല്‍  ഈ മാസം അവസാനത്തോടെ വിസാസോ കേരളം വിടും. ഒത്തിരി ഓര്‍മകളുമായാണ് വിസാസോ മടങ്ങുന്നത്. തിരിച്ചുവരുമെന്ന ഉറപ്പോടെ.

Visazo Kikhi, A Nagaland native who came to Kerala to become a doctor and became a Malayali in ten years