Robin-bus24

 

ഗതാഗത മന്ത്രി മാറിയതോടെ ചൂഷണത്തിനും പ്രതികാരനടപടിക്കും മയമുണ്ടാകുമെന്ന പ്രതീക്ഷയില്‍ റോബിന്‍ ബസ് ഉടമയും ജീവനക്കാരും. നിയുക്ത ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കുന്നതായി റോബിന്‍ ബസ് നടത്തിപ്പുകാര്‍ പറയുന്നു.‘കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ സ്വകാര്യ ബസ് ഓടിക്കുന്നത് കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയുടെ ഭാഗമായാണ് എങ്കിലും ബസ് ഓടിച്ച് അദ്ദേഹത്തിന് പരിചയമുണ്ട്. അങ്ങിനെ ഒരാള്‍ ഗതാഗത മന്ത്രിയായി വരുമ്പോള്‍ നല്ലതാണ് പ്രതീക്ഷിക്കുന്നത്’. മന്ത്രി മാറിയതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോബിന്‍ ബസ് മനേജര്‍ ബോണി പറയുന്നു. 

 

അതേസമയം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോയമ്പത്തൂര്‍‌ സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിന് പിഴ ഈടാക്കാത മോട്ടോര്‍ വാഹനവകുപ്പ്. വഴിനീളെയുള്ള നപടികള്‍ അവസാനിപ്പിച്ച ഉദ്യോഗസ്ഥര്‍ പരിശോധന മൂന്നിടത്തായി പരിമിതപ്പെടുത്തി. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ഓട്ടം തുടങ്ങിയ റോബിന്‍ ബസിനെ ഒരു കിലോമീറ്റര്‍ അകലെ മൈലപ്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ട് മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാടായിരുന്നു രണ്ടാമത്തെ പരിശോധന. കേരള അതിര്‍ത്തി പിന്നിടുന്നതിന് തൊട്ട് മുന്‍പ് വാളയാറിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. യാത്രക്കാരുടെ ലിസ്റ്റും മറ്റ് രേഖകളും പരിശോധിച്ച ശേഷം യാത്ര തുടരാന്‍ അനുമതി. കഴിഞ്ഞ തവണ വാളയാര്‍ എത്തുന്നതുവരെ പന്ത്രണ്ടിടത്തായിരുന്നു പരിശോധനയും പിഴയൊടുക്കലും. റോബിന്‍റെ പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി വണ്ടിനിറയെ യാത്രക്കാരും വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് ഫാന്‍സു ഒപ്പമുണ്ടായിരുന്നു. 

 

Robin bus owners about new Minister for Road Transport K B Ganesh Kumar