kappatt-perunkaliyattam

കണ്ണൂർ പയ്യന്നൂർ കാപ്പാട്ട് കഴകത്തിൽ 28 വർഷത്തിനു ശേഷം നടന്ന പെരുങ്കളിയാട്ടത്തിനു സമാപനം. അവസാന ദിവസമായ ഇന്നലെ  കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി ഉയർന്നു. പരസ്പര സ്നേഹത്തിന്‍റെയും മതസൗഹാർദത്തിന്റെയും  ഉദാഹരണമായിരുന്നു പെരുങ്കളിയാട്ട കാലം.

 

കുംഭചൂടിനെ വക വയ്ക്കാതെ ആയിരക്കണക്കിനു പേരാണ് കാപ്പാട്ട് കഴകത്തിലേക്ക് ഈ ദിവസങ്ങളിൽ ഒഴുകി എത്തിയത്. പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ച ഇന്നലെ ഭക്തരുടെ കണ്ണും മനസും  നിറച്ചാണ് ഭഗവതിമാരുടെ തിരുമുടി ഉയർന്നത്. അപൂർവമായ പുള്ളി ഭഗവതി, ചങ്ങാലൻ ദൈവം, പുതിയറമ്പൻ ദൈവം തുടങ്ങി മുപ്പത്തി ഒമ്പതോളം തെയ്യങ്ങളാണ് ഈ ദിവസങ്ങളിൽ കെട്ടിയാടിയത്. 

മതസൗഹാർദത്തിന്റെ സന്ദേശമുയർത്തി കേളോത്ത് മുസ്‌ലിം തറവാട്ടുകാർ ക്ഷേത്ര പള്ളിയറയുടെ സോപാന പടിയിൽ പഞ്ചസാരക്കലം സമർപ്പിച്ചു. കൂടാതെ ഭക്തി നിർഭരമായ നിരവധി ചടങ്ങുകൾക്കും ക്ഷേത്ര സന്നിധി സാക്ഷിയായി. കലശം വരവും മീനമൃതുമായി എത്തുന്ന ചടങ്ങും നടന്നു. 7 ദിവസങ്ങളിലായി ലക്ഷക്കണക്കിന് ജനങ്ങൾക്ക് അന്നദാനം നൽകി. രാത്രി വൈകി ഭഗവതിമാരുടെ തിരുമുടി അഴിച്ചതോടെ പെരുങ്കളിയാട്ടത്തിന് സമാപനമായി.

 

payyannur kappatu kazhakam perumkaliyattam ends