റെക്കോര്‍ഡ് ചൂടുമായി രാജ്യത്ത് വേനല്‍ കടുക്കുമ്പോള്‍ ഏതെല്ലാം വിധം ചൂടിനെ പ്രതിരോധിക്കാമോ ആ വഴികളെല്ലാം നോക്കുകയാണ് ജനം. അതുകൊണ്ട് തന്നെ ഈ ചൂടില്‍ എന്ത് ചെയ്യാം എന്ത് ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ ഇതിനിടയിലും വ്യാജനുണ്ട്. അത്തരമൊരു പോസ്റ്റില്‍ പ്രതികരണവുമായി എത്തിയിരിക്കുയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍.

 

ചൂടു കൂടുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുത് എന്ന പോസ്റ്റാണ് പ്രചരിക്കുന്നത്. അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നത് വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചാരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന തരത്തിലാണ് വ്യാജ പോസ്റ്റ് ശ്രദ്ധനേടുന്നത്. 

 

എന്നാല്‍ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഇതെന്നുമാണ് ഇന്ത്യന്‍ ഓയില്‍ പറയുന്നത്. തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ ഇന്ത്യന്‍ ഓയില്‍ രംഗത്തെത്തിയിരിക്കുന്നത്.

 

നിർമാതാക്കൾ വാഹനങ്ങളുടെ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കുറിച്ചത്.

Vehicle won't explode if fuel tank is full in summer, says Indian Oil Corporation on fake post