ക്രിക്കറ്റര്‍ എന്നതിനുമപ്പുറം ഇന്ത്യയില്‍ ഫാന്‍ബേസുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ സിനിമ പാട്ടുകള്‍ക്ക് ചുവടുവച്ചുള്ള താരത്തിന്‍റെ വിഡിയോകള്‍ തന്നെ കാരണം. കൂടുതലും അല്ലു അര്‍ജുന്‍ ചിത്രങ്ങളുടെ പാട്ടുകള്‍ക്കാണ് ഡേവിഡ് വാര്‍ണര്‍ ചുവടുവക്കാറുള്ളത്. കുടുംബസമേതമുള്ള അദ്ദേഹത്തിന്‍റെ പല വിഡിയോകളും ഇന്ത്യയില്‍ ഹിറ്റാണ്. ടിക് ടോക് വിഡിയോകളില്‍ നിന്നും സാക്ഷാല്‍ രാജമൗലിയുടെ സംവിധാനത്തില്‍ വരെ അഭിനയിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇത് സിനിമക്കായി അല്ലെന്ന് മാത്രം. ഒരു പരസ്യത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.
ഐപിഎല്‍ മത്സരത്തിന് ടിക്കറ്റുകൾ ഡിസ്കൗണ്ടില്‍ ലഭിക്കുമോ എന്ന് ചോദിച്ച് രാജമൗലി വാർണറെ വിളിക്കുന്നു. വാർണർ സമ്മതിക്കുന്നു, പകരം ഒരു ഡിമാന്‍ഡും വക്കുന്നു, രാജമൗലിയുടെ ഒരു സിനിമയിൽ ഒരു വേഷം വേണം. രാജകുമാരനായി യുദ്ധം ചെയ്യുകയും ഡാന്‍സ് കളിക്കുകയും ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന വാർണറിനെ രാജമൗലി സങ്കല്‍പ്പിക്കുന്നതാണ് പരസ്യത്തിലെ രസകരമായ ഭാഗം. വാര്‍ണര്‍ അഭിനയിക്കുന്നത് സങ്കല്‍പിച്ചപ്പോള്‍ തന്നെ മതിയായ രാജമൗലി വാര്‍ണറിന്‍റെ ഡിമാന്‍ഡ് വേണ്ടന്ന് വക്കുകയാണ്. രസകരമായി തമാശ രൂപേണയാണ് പരസ്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. സോഷ്യല്‍ ലോകം ഇരുവരുടെയും വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
New video of SS Rajamouli and David Warner