പത്ത് വർഷമായി വേനൽക്കാലത്ത് നാട്ടുകാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുകയാണ് കാസർകോട് കോട്ടപ്പുറം സ്വദേശി ഖാലിദ് ഹാജിയെന്ന അറുപത്തിനാലുകാരൻ. ഹാജിയുടെ ഈ നല്ല മനസ്സിന് നന്ദി പറയുകയാണ് ഒരു നാടാകെ. 

കുവൈത്തിൽ ജോലി ചെയ്യുന്ന ഖാലിദ് ഹാജി വേനൽക്കാലമായാൽ നാട്ടിലെത്തും. ടാങ്കിൽ വെള്ളവുമായി കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കരികിലെത്തും. 10 വർഷമായി തുടരുന്ന പുണ്യപ്രവൃത്തി. 

നീലേശ്വരം നഗരസഭയിലെയും ചെറുവത്തൂർ പഞ്ചായത്തിലെയും എണ്ണൂറോളം കുടുംബങ്ങൾക്കാണ് സ്വന്തം ചെലവിൽ കുടിവെള്ളം നൽകുന്നത്. വിതരണത്തിനായി എല്ലാ വർഷവും വാഹനം വാങ്ങും, മഴ കനത്താൽ വാഹനം വിൽക്കും. 

സുഹൃത്ത് അബ്ദുൾ റഹ്മാൻ ഹാജിയും ഒപ്പമുണ്ട്. കോട്ടപ്പുറം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുഴൽക്കിണർ സ്ഥാപിച്ചാണ് വെള്ളം ശേഖരിക്കുന്നത്. രാവിലെ അഞ്ചരയോടെ വിതരണം തുടങ്ങും. 3500 ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കിലാണ് വെള്ളം ശേഖരിക്കുന്നത്. 

kasargod drinking water distribution