car-fine

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിലൂടെ പുറത്തേക്കു തലയിടാന്‍ അനുവദിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന കാര്യമാണ് ഇത്തരത്തില്‍ സണ്‍റൂഫിലൂടെ കുട്ടികള്‍ പുറത്തേക്കു തലയിട്ടതിനാല്‍ ഫൈന്‍ വാങ്ങിയ പിതാവാണ് സൈബറിടത്ത് ഇപ്പോള്‍ വൈറല്‍.  സുകേഷ് എസ് സുവര്‍ണ എന്നയാളാണ് എക്‌സിലൂടെ ഈ നിയമലംഘനത്തിന്‍റെ 12 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. കിയ കാരന്‍സ് എംപിവിയുടെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് രണ്ട് കുട്ടികള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യമായിരുന്നു ഇത്.

'ഇതുകൊണ്ടാണ് കാറുകളില്‍ സണ്‍റൂഫ് ഇന്ത്യക്കാര്‍ അര്‍ഹിക്കുന്നില്ലെന്നു പറയുന്നത്. സാമാന്യബോധമില്ലാത്ത ബുദ്ധിയില്ലാത്ത രക്ഷാകര്‍ത്താക്കളാണ് കുട്ടികളോട് ഇത് ചെയ്യുന്നത്. അതും എപ്പോള്‍ വേണമെങ്കിലും ബ്രേക്ക് പിടിക്കേണ്ടി വരാവുന്ന തിരക്കേറിയ റോഡില്‍ വെച്ച്. ഇത് മറാത്തഹള്ളി ഔട്ടര്‍ റിങ് റോഡാണ്' എന്നായിരുന്നു വിഡിയോയില്‍ സുകേഷ് വിവരിച്ചത്. ഒപ്പം ബെംഗളുരു പൊലീസിനെ ടാഗു ചെയ്യുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിഷയം അന്വേഷിച്ച് ബെംഗളുരു ട്രാഫിക് പൊലീസ് നിയമലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. എച്ച്എഎല്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് നടപടി വന്നത്. വാഹന ഉടമക്ക് ആയിരം രൂപ പിഴ അടക്കേണ്ടി വന്നു.