TOPICS COVERED

വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രമേ ഇംഗ്ലീഷ് നന്നായി വഴങ്ങൂ എന്ന സ്റ്റീരിയോടൈപ്പ് ചിന്തയുണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്കുക.  മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഓട്ടോഡ്രൈവർ നമ്മളെ ഞെട്ടിച്ചുകളയും.തൻ്റെ അനായാസമായ ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് വൈറലായിരിക്കുകയാണ് ഈ ഓട്ടോ ചേട്ടന്‍.

ഒരു യാത്രക്കാരനുമായി ഇദ്ദേഹം നടത്തുന്ന സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ വീഡിയോ ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവെച്ചത്. ആ സംഭാഷണത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുക മാത്രമല്ല  ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം മനോഹരമായ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ട്. ‘നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കില്‍ ലണ്ടൻ,പാരീസ്, അമേരിക്ക തുടങ്ങിയ ആവേശകരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഇവിടെയൊന്നും പോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് പഠിക്കുന്നത് നിർണായകമായത്-ഇത് ഒരു ആഗോള ഭാഷയാണ്’ എന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു.

വീഡിയോയിൽ ഭൂഷനെക്കുറിച്ചും അദ്ദേഹത്തിന്‍റെ താമസ സ്ഥലത്തെക്കുറിച്ചുമെല്ലാം ഓട്ടോ ഡ്രൈവര്‍ ഇംഗ്ലീഷില്‍ തന്നെ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഇംഗ്ലീഷിലെ ഒഴുക്ക് കണ്ട് അത്ഭുതപ്പെട്ടുപോയി എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവെച്ചത്.വിഡിയോ കണ്ട ഒട്ടേറെപ്പേര്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാഷാപ്രാവീണ്യത്തെ അഭിനന്ദിക്കുന്നുണ്ട്. തന്‍റെ 16 വര്‍ഷത്തെ വിദ്യാഭ്യാസത്തേക്കാള്‍ മികച്ചതായി ഇദ്ദേഹം ഇംഗ്ലീഷ് പറയുന്നുണ്ട് എന്നാണ് ഒരു ഉപയോക്താവിന്‍റെ കമന്‍റ്.

ENGLISH SUMMARY:

Social media went wondering after hearing the autorickshaw driver's English