ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്‌ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട്. ആര് കണ്ടാലും ഇതെന്ത് എന്ന് അതിശയിക്കുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഒരു ഷോപ്പിങ് മാളാണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന അവകാശവാദവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തികച്ചും വ്യാജമാണെന്ന് വ്യക്തമായി.
വൈറൽ പോസ്റ്റ് റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഒട്ടേറെപ്പേർ ഇതേ അവകാശവാദങ്ങളോടെ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തി. റമദാൻ മാസത്തിൽ പത്ത് മുതൽ അമ്പത് ശതമാനം ഡിസ്‌കൗണ്ട് എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്, അതാണ് ഹിന്ദു പെൺകുട്ടിയോടൊപ്പം എത്തുന്ന മുസ്‌ലിം യുവാക്കൾക്ക് 50% ഇളവ് എന്ന പേരിലാക്കിയിരിക്കുന്നത്. ഹോൾഡിങ്ങിലെ വിവരങ്ങളുടെ പരിഭാഷ പരിശോധിച്ചപ്പോൾ സെക്കന്തരാബാദിലുള്ള സി.എം.ആർ. ഷോപ്പിങ് മാൾ 2019-ൽ റംസാന്‍ സമയത്ത് സ്ഥാപിച്ച പരസ്യ ബോർഡാണിതെന്ന് ബോധ്യമായി.