TOPICS COVERED

നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ അറസ്റ്റ്. ചെന്നൈയില്‍ മറീന ബീച്ചിലെ ലൂപ്പ് റോഡിലാണ് സംഭവം. രാത്രിയിലെ പതിവുപരിശോധനക്കിടെയാണ് ദമ്പതികളെയും പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ആക്രോശിക്കും വിധത്തിലായിരുന്നു ദമ്പതികളുടെ മറുപടിയും പ്രതികരണവും.  കയര്‍ത്തു സംസാരിക്കുന്നതിനിടെ  ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിച്ചുവരുത്തണോ എന്നെല്ലാം പൊലീസുകാരോട് ചോദിക്കുന്നുണ്ട് ഇരുവരും. ചന്ദ്രമോഹൻ, ധനലക്ഷ്മി എന്നീ ദമ്പതികളുടെ  വിഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. 

സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസിനു മുന്‍പില്‍ യാതൊരു കൂസലുമില്ലാതെ ഇവര്‍ പോസ് ചെയ്യുന്നതും കാണാം. മോശം വാക്കുകളുപയോഗിച്ച് പൊലീസിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ചന്ദ്രമോഹൻ  നിൻ്റെ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ എന്നെ കണ്ടാൽ ഓടിപ്പോകുമെന്ന് ഒരു പൊലീസുകാരനോട് പറയുന്നത് കേള്‍ക്കാം. അടുത്ത ദിവസത്തിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥരുടെ വിലാസം കണ്ടെത്തുമെന്നും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും പ്രതികള്‍  ഭീഷണിപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ വാഹനം മാറ്റണമെന്നും  പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. തിരിച്ച് അധിക്ഷേപമായിരുന്നു മറുപടി.  പൊലീസിനെതിരെ ഇത്രയും മോശമായി പെരുമാറിയ ദമ്പതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. വിഡിയോ പ്രചരിച്ചതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ദമ്പതികള്‍ക്കെതിരെ കണ്ടത്. പിന്നാലെ ഇരുവരെയും കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചാണ് വേളാച്ചേരിയിലെ ലോഡ്ജിൽ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

Couple’s misbehaving to the police, video was circulated on social media:

Chennai Couple’s misbehaving to the police, video was circulated on social media. The incident took place on Loop Road at Marina Beach in Chennai.