സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ കാല്‍പാദത്തില്‍ നിന്ന് ജലമൊഴുകി വരുന്നു, അത് ശേഖരിക്കാനും കുടിക്കാനും ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കും. യുപിയിലെ മഥുരയിലുള്ള ഒരു ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചയാണിത്. എന്നാല്‍ കള്ളക്കളി പൊളിച്ച്, ഈ ജലം എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു യൂട്യൂബര്‍.
വൃന്ദാവനത്തിലുള്ള ബന്‍കി ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ തലയുടെ രൂപത്തില്‍ കൊത്തിവച്ചിരിക്കുന്ന ശില്‍പത്തിലൂടെയാണ് ജലം ഒഴുകിയെത്തുന്നത്. തുമ്പികൈ ഉയര്‍ത്തിയിരിക്കുന്ന ആനയുടെ വായിലൂടെയാണ് ജലം ഇറ്റുവീഴുന്നത്. ഇത് തീര്‍ത്ഥമായി സേവിക്കുകയാണ് ഭക്തര്‍.
ഈ തീര്‍ത്ഥം സേവിക്കാനായി ക്യൂ നില്‍ക്കുകയാണ് ആളുകള്‍. പുണ്യജലമാണിത്. ഭഗവാന്‍ ശ്രീകൃഷണന്‍റെ അനുഗ്രഹ വര്‍ഷമാണിത് എന്നൊക്കെയാണ് ഭക്തജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് എ.സിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളമാണെന്ന് ഒരുപ യൂട്യൂബര്‍ കണ്ടെത്തി. ഇതിന്‍റെ വിഡിയോയും പുറത്തുവിട്ടു.
സംഭവത്തില്‍ ക്ഷേത്രം അധികാരികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘ഇതിപ്പോ എല്‍.ജി എ.സി പുതിയ അവതാരമാണെന്ന് വരുത്തിതീര്‍ക്കുമല്ലോ’ എന്നാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന കമന്‍റ്. ‘ഇങ്ങനെയൊക്കെ പറ്റിക്കാമോ’ എന്ന് ചോദിക്കുന്നവരുമുണ്ട്. ‘ഇതൊക്കെയാണ് അന്ധവിശ്വാസം’ എന്നാണ് ചില കമന്‍റുകള്‍. ഒരു ദിവസം പതിനായിരം മുതല്‍ പതിനയ്യായിരത്തോളം ആളുകളെത്തുന്ന ക്ഷേത്രമാണിത്.