ഒരുപാടാശിച്ചിരുന്ന്, നൊന്ത് പ്രസവിച്ച കുഞ്ഞിനെ, അതേ ആശുപത്രിയില്‍ വെച്ചുതന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാല്‍ ആ അമ്മയുടെയും അച്ഛന്‍റെയും അവസ്ഥയെന്താവും.. അവരുടെ ഹൃദയം തകര്‍ന്ന് പോവില്ലേ... കർണാടകയിലെ കലബുറഗിയിൽ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിലെത്തിയ 2 സ്ത്രീകളാണ് നവജാത ശിശുവിനെയും കൊണ്ട് ശരവേഗത്തില്‍ കടന്നുകളഞ്ഞത്.
എന്നാല്‍ നിരീക്ഷണ ക്യാമറയുടെ സഹായത്താല്‍ പൊലീസ് 24 മണിക്കൂറിനകം ആ കുഞ്ഞിനെ വീണ്ടെടുത്തു. കരഞ്ഞു കണ്ണീരു വറ്റിപ്പോയ ആ അമ്മയുടെ കൈകളിലേക്ക് വീണ്ടും ചോരക്കുഞ്ഞിനെ വെച്ചുകൊടുക്കുമ്പോഴുള്ള ദൃശ്യങ്ങള്‍ ആരുടെയും കണ്ണ് നിറയ്ക്കും...
കലബുറഗിയിലെ ജില്ലാ സർക്കാരാശുപത്രിയിലെ പ്രസവത്തിന് ശേഷം, വാര്‍ഡില്‍ കുഞ്ഞുമായി കിടക്കുകയായിരുന്നു കസ്തൂരി. പെട്ടെന്നാണ് ഒരു ഡോക്ടറും നഴ്സും അവരുടെ അടുത്തെത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നു.. കുഞ്ഞിന്‍റെ രക്തം പരിശോധിക്കണം എന്ന് തെറ്റിധരിപ്പിച്ച് അവര്‍ കുഞ്ഞിനെ കൈയ്യിലെടുത്തു. ഡോക്ടര്‍ കുഞ്ഞിനെ കൊണ്ടു പോകുന്നകില്‍ അസ്വാഭാവികതയൊന്നുമില്ലല്ലോ?.. അവര്‍ മെല്ലെ അമ്മയുടെ മുന്നിലൂടെ കുഞ്ഞിനെയും കൊണ്ട് നടന്നകന്നു..
ഏറെ നേരം കഴിഞ്ഞിട്ടും, കുഞ്ഞിനെ തിരികെ എത്തിക്കാതെ വന്നതോടെ പരിഭ്രാന്തയായ അമ്മ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. ഉടനടി പൊലീസെത്തി. ആശുപത്രിയിലെയും പുറത്തുള്ള ചില കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ കുഞ്ഞുമായി അധികദൂരം പോകാന്‍ സമയമായിട്ടില്ല.
പൊലീസ് എണ്ണയെട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.. 3 സംഘങ്ങളായി തിരിഞ്ഞ്, കുഞ്ഞുമായി കടന്നു കളഞ്ഞ സ്ത്രീകള്‍ക്കായി വ്യാപക തിരച്ചില്‍. ആശുപത്രിക്കടുത്തെ ഒരു വീട്ടില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കലബുറഗി സ്വദേശികളായ നസ്റിന്‍, ഉമേറ ഫാത്തിമ എന്നിവരെ കൈയ്യോടെ പിടികൂടി. അറസ്റ്റിലായ സ്ത്രീകള്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.