സെപ്റ്റംബര്‍ 15. കോയമ്പത്തൂരില്‍ ഒരു ജഡ്ജിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് വൈകിട്ടോടെ ഡല്‍ഹിക്ക് വിമാനത്തില്‍ തിരിച്ചതായിരുന്നു സുപ്രീംകോടതി ജഡ്ജിമാരായ ജ.കെ.വി.വിശ്വനാഥനും , ജ. സുര്യകാന്തും. പിറ്റേദിവസം രാവിലെ രണ്ടുപേര്‍ക്കും കേസില്‍ വാദം കേള്‍ക്കാനുണ്ട്. വിമാനയാത്രയില്‍ അതിനായുള്ള തയ്യാറെടുപ്പുകളാവാമെന്നു കരുതി ഐ പാഡുമെടുത്ത് ഒരുങ്ങിയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല അസാധാരണ സംഭവങ്ങള്‍ക്കായിരുന്നു പിന്നീട് ആ യാത്രയില്‍ ന്യായാധിപന്‍മാര്‍ സാക്ഷ്യം വഹിച്ചത്.
ഗ്യാലി ഏരിയയ്ക്കും ടോയ്‌ലറ്റിനും സമീപത്തായി മുൻ നിരയിലാണ് ജഡ്ജിമാർ ഇരുന്നത്. വിമാനത്തിലെ ശുചിമുറിയിലേക്ക് കയറിപ്പോയ യാത്രക്കാരന്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സഹയാത്രികര്‍ വാതിലില്‍ തട്ടിയിട്ടും അനക്കമൊന്നുമില്ല. ജീവനക്കാര്‍ വന്നു ശ്രമിച്ചിട്ടും അകത്ത് ആളനക്കം പോലും കേട്ടില്ല. അതേസമയം തന്നെ മറ്റൊരു യാത്രക്കാരന്‍ ശുചിമുറിക്കടുത്തേക്ക് വന്നുനിന്നു, പെരുമാറ്റത്തില്‍ സര്‍വത്ര അസ്വാഭാവികത.
മാസ്റ്റര്‍ കീ ഉണ്ടായിരുന്നെങ്കിലും ജീവനക്കാരെല്ലാം വനിതകളായതിനാല്‍ ശുചിമുറി തുറക്കാന്‍ മടിച്ചുനിന്നു, കീ ഒരു യാത്രക്കാരന്‍റെ കയ്യില്‍ കൊടുത്ത് തുറക്കാന്‍ ആവശ്യപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ ശുചിമുറിക്കകത്ത് വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് കിടന്നുറങ്ങുന്ന യാത്രക്കാരനെയാണ് കണ്ടത്. യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ സ്വന്തം സീറ്റില്‍ കൊണ്ടിരുത്തി, അതേസമയം രണ്ടാമനും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രണ്ട് മദ്യപന്‍മാര്‍ ചേര്‍ന്ന് ആ വിമാനത്തിലെ യാത്രക്കാരുടെ നല്ല സമയം നശിപ്പിച്ചെന്നുപറയാം.
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കിടെ സഹയാത്രികൻ ശരീരത്തിലേക്ക് മൂത്രമൊഴിച്ചെന്നാരോപിച്ച് പ്രായമായ ഒരു സ്ത്രീ സമർപ്പിച്ച ഹർജി പഗിരണിക്കവെയാണ് സ്വന്തം അനുഭവം ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മകമായ നടപടികള്‍ എടുക്കണമെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. രാജ്യാന്തര രീതികൾക്ക് അനുസൃതമായി മാർഗനിർദേശങ്ങൾ പരിശോധിച്ച് പരിഷ്ക്കരിക്കണം. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.