ഇന്ത്യ തേടുന്ന ലഷ്കറെ തയിബയുടെ കൊടുംഭീകരൻ അബു ഖത്വല്‍ സിന്ധി കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ ഝലമിലാണ് അജ്ഞാതർ ഇയാളെ വെടിവച്ചുകൊന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്‍റെ ബന്ധുവും വിശ്വസ്തനുമാണ് അബു ഖത്വല്‍. ഹാഫിസ് സയിദിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾക്ക് വെടിയേറ്റത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ രജൗറി - പൂഞ്ച് മേഖലകളിലേക്ക് ‘ലോഞ്ച് പാഡു’കളിലൂടെ ഭീകരരെ കയറ്റിവിടുന്നത് അബു ഖത്വലാണ്. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ ലഷ്കറെ തയിബയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഖത്വലാണ്. രജൗറി - പൂഞ്ച് മേഖലകളില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിച്ചിരുന്നതും ഇയാളാണ്. ലഷ്കറെ തയിബയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ വിശ്വസ്തനാണ് അബു ഖത്വല്‍. സിന്ധ് പ്രവിശ്യയിലെയും റാവല്‍പിണ്ടിയിലെയും പല ലഷ്കര്‍ നേതാക്കളുടെയും ദൂതനായി പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഖത്വല്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യ തേടുന്ന ഒന്നാം നമ്പര്‍ ഭീകരനും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയിദിനും ആക്രമണത്തിനിടെ പരുക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അംഗരക്ഷകനൊപ്പം ഒരു യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അബു ഖത്വലിനെ, ചുവപ്പ് സിഗ്നലിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ്, ബൈക്കിലെത്തിയ ‘അജ്ഞാതര്‍’ വെടിവച്ചുകൊന്നത്. മരണം ഉറപ്പാക്കിയാണ് സംഘം മടങ്ങിയത്. അംഗരക്ഷകന്‍റെ നില അതീവഗുരുതരമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ മരിച്ചുവെന്നാണ് വിവരം.
ഒരു ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പൂഞ്ചിലെ സുരാന്‍കോട്ടില്‍നിന്ന് നിസാര്‍ എന്നയാളെ സുരക്ഷാസേന ഏതാനും നാളുകള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. നിസാറിനെ ചോദ്യംചെയ്തതില്‍നിന്നാണ്, ജമ്മു കശ്മീരിലെ പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ അബു ഖത്വലാണെന്ന വിവരം പുറത്തുവന്നത്. 2005 വരെ കശ്മീര്‍ താഴ്‍വരയില്‍ പലയിടങ്ങളും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. അതിര്‍ത്തി കടന്നിട്ടും പൂഞ്ചിലും രജൗറിയിലും വിശ്വസ്തരായ ഏതാനും ആളുകളെ വളര്‍ത്തിക്കൊണ്ടുവന്നു. 2023ല്‍ പുതുവര്‍ഷ ദിനത്തില്‍ രജൗറിയില്‍ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലും മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 2024 ജൂണ്‍ ഒന്‍പതിന് റിയാസിയില്‍ ഒന്‍പത് ഹിന്ദു തീര്‍ഥാടകര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെയും ആസൂത്രണം അബു ഖത്വലിന്‍റേതാണെന്നാണ് സംശയിക്കുന്നത്. ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റില്‍ അകപ്പെട്ടതോടെ കഴിഞ്ഞ ഏതാനും നാളുകളായി ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ‘അജ്ഞാതരു’ടെ ഇടപെടലുണ്ടാവുന്നത്.