ഒരേ സമയം രണ്ട് കാമുകിമാരെ ജീവിതസഖിമാരാക്കി തെലങ്കാനക്കാരനായ യുവാവ്. ഒരേ സമയം രണ്ട് പെണ്‍കുട്ടികളുമായി യുവാവ് പ്രണയത്തിലായിരുന്നു. രണ്ടുപേരില്‍ ആരെയും ഒഴിവാക്കാന്‍ മനസ്സുവന്നില്ല. ഇതോടെ മൂന്നുപേരും കൂടി ഒരു തീരുമാനമെടുത്തു, ഒന്നിച്ച് ജീവിക്കാമെന്ന്. അങ്ങനെ ഒറ്റ പന്തലില്‍ രണ്ട് കാമുകിമാര്‍ക്കും യുവാവ് താലിച്ചാര്‍ത്തി.
തെലങ്കാനയിലെ കോമരം ഭീം അസിഫാബാദിലാണ് സംഭവം. ഗുംനൂറിലെ സൂര്യദേവ് എന്ന യുവാവാണ് ലാല്‍ ദേവി, ഝാല്‍കരി ദേവി എന്നീ യുവതികളെ ഒന്നിച്ച് ജീവിതത്തിന്‍റെ ഭാഗമാക്കിയത്. വിവാഹക്ഷണക്കത്തിലടക്കം വരനൊപ്പം രണ്ട് വധുക്കളുടെയും പേരുണ്ടായിരുന്നു. വിവാഹവും വലിയ ആഘോഷമായിരുന്നു. വിവാഹ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. താലിച്ചാര്‍ത്തിയ ശേഷം പന്തലില്‍ വലം വയ്ക്കുമ്പോള്‍ വരന്‍റെ ഇടതുകരത്തില്‍ രണ്ട് വധുക്കളും പിടിച്ചിരിക്കുന്നത് കാണാം.
മൂന്നു പേരുടെയും കുടുംബങ്ങളും ബന്ധുക്കളും നാട്ടുകാരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒരേ സമയം സൂര്യദേവ് രണ്ടുപേരെ വിവാഹം കഴിക്കുന്നതിനോട് ആദ്യം എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ പതിയെ അവരും ഇക്കാര്യം സമ്മതിച്ചു. വിവാഹത്തിന് സമ്മതം മൂളി, വേണ്ടതെല്ലാം ചെയ്തു. ഇന്ത്യയില്‍ ബഹുഭാര്യത്വം ഹിന്ദുക്കള്‍ക്കിടയില്‍ അനുവദനീയമല്ല എന്നായിരുന്നു ആദ്യം എല്ലാവരും ചൂണ്ടിക്കാട്ടിയത്. പക്ഷേ യുവാവിന്‍റെയും യുവതികളുടെയും തീരുമാനത്തിനു മുന്നില്‍ എല്ലാവരും അതൊക്കെ മാറ്റിനിര്‍ത്തി.