e-challan

ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ലഭിക്കുന്ന ഇ–ചെലാന്‍ കൃത്യസമയത്ത് അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ പിഴ അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള ആലോചനയാണ് നടക്കുന്നത്. റെഡ് സിഗ്നല്‍ മറികടക്കുക, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക എന്നി കുറ്റകൃത്യങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ചെലാന്‍ ലഭിച്ചവരാണെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കണ്ടുകെട്ടാനുമാണ് നീക്കം

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇ–ചെലാന്‍ വഴി ചുമത്തുന്ന പിഴയില്‍ 40 ശതമാനം മാത്രമാണ് സര്‍ക്കാറിന് പിരിഞ്ഞുകിട്ടുന്നത്. അതിനാലാണ് പുതിയ വഴികളിലേക്ക് പോകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ചെലാന്‍ അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പ്രീമിയം ഉയര്‍ത്തുക എന്നതും സര്‍ക്കാറിന്‍റെ പരിഗണനയിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2025 വരെ 40,548 കോടി രൂപയുടെ 31.1 കോടി ഇ– ചെലനാണ് ഇഷ്യു ചെയ്തതത്. ഇതില്‍ 16,324 കോടി രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയത്. 76 ശതമാനം റിക്കവറി നിരക്കുള്ള രാജസ്ഥാനാണ് ഏറ്റവും ചെലാന്‍ തുക പിരിക്കുന്നതില്‍ മുന്നില്‍. ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും അയക്കുന്ന ചെലാന്‍ നോട്ടീസുകളോട് മികച്ച പ്രതികരണമുണ്ട്. ഡല്‍ഹിയാണ് ഏറ്റവും പിന്നില്‍. ഇഷ്യു ചെയ്ത ചെലാന്‍റെ 14 ശതമാനം മാത്രമാണ് പിരിഞ്ഞുകിട്ടിയത്.  

പിഴതുക അടയ്ക്കുന്നത് വര്‍ധിപ്പിക്കാന്‍ ഓരോ മാസത്തിലും അട്ക്കാന്‍ ബാക്കിയുള്ള ചെലാനെ പറ്റി സന്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഇ–ചെലാന്‍ നോട്ടീസ് ഡ്രൈവര്‍ക്കോ വാഹന ഉടമയ്ക്കോ ലഭിക്കും. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണം. അല്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്‍പാകെ അപ്പീല്‍ നല്‍കണം. 30 ദിവസത്തിനുള്ളിൽ വാഹന ഉടമയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ തെറ്റ് അംഗീകരിക്കുന്നതായി കണക്കാക്കും. 90 ദിവസത്തിനുള്ളിൽ പണം അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യും. 

ENGLISH SUMMARY:

The government is set to suspend driving licenses for unpaid traffic fines. If fines remain unpaid for 90 days, strict action will be taken. Learn more about the new rules.