വിമാനത്താവളത്തിലെ സൂക്ഷ്മ പരിശോധന കണ്ടുള്ള യാത്രക്കാരന്‍റെ ഒറ്റ ചോദ്യം കാരണം വിമാനം വൈകിയത് അഞ്ചുമണിക്കൂറിലേറെ. കൊല്‍ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. സുരക്ഷാ പരിശോധന നീളുന്നത് കണ്ട യാത്രക്കാരന്‍ പ്രകോപിതനായി ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.
വെള്ളിയാഴ്ച കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍റെ പുലിവാലു പിടിച്ച ചോദ്യം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറയുന്നതനുസരിച്ച് ലഗേജുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സൂക്ഷമമായി പരിശോധിക്കുന്നത് കണ്ട യാത്രക്കാരില്‍ ഒരാള്‍ പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. പിന്നാലെ ‘അതിലെന്താ ബോംബ് ഉണ്ടോ?’ എന്ന് യാത്രക്കാരന്‍. ബോംബ് എന്ന് കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി.
പകുതി യാത്രക്കാര്‍ കയറിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി വിശദമായ പരിശോധന. യാത്രക്കാരുടെ ബാഗേജുകളും വിമാനവും വീണ്ടും പരിശോധിക്കേണ്ടി വന്നു. തിരച്ചിലില്‍ ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് യാത്ര ആരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനകം വിമാനം അഞ്ചുമണിക്കൂറിലധികം വൈകിയിരുന്നു. ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5:30 നാണ് പുറപ്പെട്ടത്.
ഏപ്രിലിൽ കൊൽക്കത്ത വിമാനത്താവളത്തിന് ലഭിച്ച രണ്ട് വ്യാജ ബോംബ് ഭീഷണികൾക്ക് തൊട്ടുപിന്നാലെയാണ് ഈ സംഭവം. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഒന്നിന് പുറകേ ഒന്നായി വ്യാജ ബോംബ് ഭീഷണികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് വിമാനത്താവളങ്ങള്‍.