• തീരാനോവായി ലോണാവാല ദുരന്തം
  • ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി
  • മരിച്ചത് നാലുപേര്‍; ഒരു കുട്ടിക്കായി തിരച്ചില്‍

മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം കണ്ടുനില്‍ക്കേ മലവെള്ളപ്പാച്ചിലില്‍പ്പെട്ടുപോയ കുടുംബത്തിലെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുകിപ്പോയ അഞ്ചുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കിട്ടിയിരുന്നു. ഒന്‍പതുവയസുള്ള മരിയ അന്‍സാരിയുടെ മൃതദേഹമാണ് നേവിയിലെ മുങ്ങല്‍ വിദഗ്ധര്‍ ഇന്ന് കണ്ടെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള റിസര്‍വോയറിലായിരുന്നു മൃതദേഹം. നാലുവയസുള്ള അദ്നാന്‍ സബാഹത് അന്‍സാരിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

മരിച്ചവരുള്‍പ്പെടെ പത്തോളം പേര്‍ വെള്ളപ്പാച്ചിലിന് നടുവില്‍ കുടുങ്ങി സഹായത്തിനായി കേഴുന്ന ഹൃദയഭേദകമായ വിഡിയോ പുറത്തുവന്നു. വെള്ളച്ചാട്ടം കണ്ടുനിന്ന സംഘം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. പരസ്പരം പിടിച്ചുനില്‍ക്കാന്‍ കരയ്ക്കുനിന്നവര്‍ അലറിപ്പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വെള്ളപ്പാച്ചിലിന്റെ ശക്തി വര്‍ധിച്ചതോടെ ആദ്യം ഒരു സ്ത്രീയും ആണ്‍കുട്ടിയും ഒഴുകിപ്പോയി. പിന്നാലെ പിടിച്ചുനില്‍ക്കാനാകാതെ മറ്റുള്ളവരും വെള്ളത്തില്‍പ്പെട്ടു. ഒഴുകിപ്പോയ പത്തുപേരില്‍ അഞ്ചുപേരെ രക്ഷപെടുത്തി.

ഷാഹിസ്ത ലിയാഖത് അന്‍സാരി (36), അമീമ ആദില്‍ അന്‍സാരി (13), ഉമേറ ആദില്‍ അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. പുനെയിലെ സയ്യദ് നഗറില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങളും ബന്ധുക്കളുമാണ് അപകടത്തില്‍പ്പെട്ടത്. ലോണാവാലയിലെ ഭുഷി ഡാമില്‍ എത്തിയ സംഘത്തില്‍ 16–17 പേരുണ്ടായിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് അന്‍സാരി കുടുംബം നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മഴക്കാലം തുടങ്ങിയതോടെ ആയിരക്കണക്കിനാളുകളാണ് വെള്ളച്ചാട്ടവും അണക്കെട്ടുമെല്ലാം കാണാന്‍ ലോണാവാലയിലെത്തുന്നത്. ഭുഷി, പാവന ഡാമുകളാണ് പ്രധാന ആകര്‍ഷണം. പ്രാദേശിക ഭരണകൂടവും പൊലീസും സര്‍ക്കാര്‍ വകുപ്പുകളും നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച മാത്രം അന്‍പതിനായിരത്തോളം പേര്‍ ലോണാവാലയിലെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

ENGLISH SUMMARY:

In Lonavala, Maharashtra, another child's body from a family caught in a flash flood while viewing a waterfall has been found. Yesterday, the bodies of three of the five missing family members were recovered. Today, Navy divers found the body of nine-year-old Maria Ansari in a nearby reservoir. The search continues for four-year-old Adnan Sabahath Ansari.