പച്ചക്കറിയില്ല, പരിപ്പില്ല, പയറുവര്‍ഗങ്ങളില്ല, കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാരമെന്ന് പറയപ്പെടുന്ന ഉച്ചക്കഞ്ഞിയിലുള്ളത് ചോറും മഞ്ഞളും. ചത്തീസ്‌ഗഡിലാണ് സംഭവം.സ്കൂളുകളും 52,000ത്തോളം വരുന്ന അങ്കണവാടികളും നേരിടുന്ന പ്രശ്നമാണ് ഇത്. മറ്റു പല സംസ്ഥാനങ്ങളിലും ചോറും പയറും പരിപ്പും ചപ്പാത്തിയും നല്‍കുന്ന സാഹചര്യത്തിലാണ് ചത്തീസ്‌ഗഡിലെ ദാരുണാവസ്ഥ.
പച്ചക്കറികളൊന്നും കണികാണാന്‍ കിട്ടുന്നില്ലെന്ന് മാത്രമല്ല പയറുവര്‍ഗങ്ങള്‍ എപ്പോഴെങ്കിലും കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥയാണ്. പോഷകസമ്പുഷ്ടമായ ഉച്ചക്കഞ്ഞിയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ മെനുവില്‍ പറയുന്നത്. എന്നാല്‍ പല സ്കൂളുകളിലും ഈ മെനു രേഖകളില്‍ മാത്രമെന്നാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചത്തീസ്‌ഗഡില്‍ കുട്ടികളില്‍ പതിനേഴര ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ബിജാക്കുര,പട്ടേല്‍പര,ബല്‍റാംപൂര്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഉച്ചക്കഞ്ഞിക്ഷാമത്തെക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്. പച്ചക്കറി ,പയറുവര്‍ഗങ്ങള്‍ എത്തിച്ചിരുന്ന വിതരണക്കാര്‍ക്ക് പണം കൃത്യമായി നല്‍കാത്തതാണ് ക്ഷാമത്തിനു കാരണം. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അടിയന്തര അന്വഷണത്തിനു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. സ്കൂളുകള്‍ മാത്രമല്ല അങ്കണവാടികളും സമാന പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.