jammu-kashmir

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്‍റെ അഞ്ചാം വാര്‍ഷികമാണിന്ന്. ഭരണഘടനയുടെ 370 ആം വകുപ്പ് ഇല്ലാതാക്കി അഞ്ചാംവര്‍ഷം ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 370 റദ്ദാക്കിയ ശേഷം എല്ലാം ശാന്തമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ജമ്മു മേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

 

സൈന്യത്തിന് നേരെയുള്ള കല്ലേറ്, ഉപരോധം,  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍. ഈ അവസ്ഥയിൽ  കുറെയൊക്കെ മാറ്റങ്ങൾ കഴിഞ്ഞ 5 വർഷത്തിനിടെ ജമ്മു കശ്മീരിൽ ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ കണക്കില്‍ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കൂടി. സുരക്ഷാസേനയ്ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഒരിടമില്ല. പക്ഷേ ജമ്മുവിൽ അടുത്തിടയായി  ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്.  പ്രത്യേക പദവി റദ്ദാക്കിയതിൻ്റെ അഞ്ചാം വാര്‍ഷികത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

സെപ്റ്റംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നിലനില്‍ക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം  ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും റെക്കോര്‍ഡ് പോളിങ്ങായിരുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളെയും ജനങ്ങളെയും പൂര്‍ണമായി വിശ്വാസത്തിലെടുത്താണോ പ്രത്യേക പദവി റദ്ദാക്കിയതെന്ന ചോദ്യം ബാക്കിയാണ്. അതിനുള്ള ഉത്തരം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകിയേക്കും.

ENGLISH SUMMARY:

Article 370 abrogation 5th anniversary