AI Generated image

AI Generated image

ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 94ല്‍ മോര്‍ച്ചറിയില്‍ ‌ജീവനക്കാർ സ്‌ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന്റെ വിഡിയോ പുറത്തായതിന് പിന്നാലെ സിസിടിവി കാമറകള്‍ സ്ഥാപിച്ച് ആരോഗ്യവകുപ്പ്. ശീതീകരണ മുറികളുടെ കവാടങ്ങളിലും ഭിത്തികളിലുമായി 12 സിസി ടിവി കാമറകളാണ് സ്ഥാപിച്ചത്. 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ മോർച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ പൊലിസ് അറസ്റ്റ് ചെയ്‌തിരുന്നു. വിഡിയോ  പകർത്തിയ ശുചീകരണത്തൊഴിലാളി പർവേന്ദ്ര, സ്ഥലത്തുണ്ടായിരുന്ന സുരക്ഷാഗാര്‍ഡ് ഭാനു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഒരു സ്‌ത്രീയും പുരുഷനും സ്‌ട്രച്ചറിന് മുകളിൽ കിടക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ഒരു മാസം മുമ്പ് ചിത്രീകരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. 

അതേസമയം, വിഡിയോ പുറത്തുവന്നത് മോര്‍ച്ചറിയുടെ സുരക്ഷയെകുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയാണ്. ക്രിമിനല്‍കേസുകളുമായി ബന്ധപ്പെട്ട  മ‍ൃതദേഹങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള മോര്‍ച്ചറിയിലേക്ക് പുറത്തുള്ളവര്‍ അതിക്രമിച്ച് കടക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇത് തടയാനാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് മോര്‍ച്ചറിയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അഡീഷണൽ സിഎംഒ ജെയ്‌സ് ലാൽ പറഞ്ഞു. 

ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരന്തരമായി നിരീക്ഷിക്കും. ഇതിന്‍റെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിക്കും രൂപംനല്‍കിയതായി ലാല്‍ പറഞ്ഞു. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതോടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ കൂടുതൽ സുതാര്യത ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. പൊരുത്തക്കേടുകൾ ഉണ്ടായാൽ, ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാമെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച മുതൽ മോർച്ചറിയിൽ രണ്ട് കാവൽക്കാരെയും വിന്യസിച്ചിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതിന് ശേഷം കാവലിന്  രണ്ടുപേരെ അധികമായി വിന്യസിക്കുന്നതിന് നോയിഡ അതോറിറ്റിക്ക് ഔപചാരിക അഭ്യർത്ഥന നൽകിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു.

ENGLISH SUMMARY:

Health department has installed CCTV cameras after a video surfaced of employees having physical relations with a woman at a mortuary in Sector 94, Noida, Uttar Pradesh.