നര്‍ത്തകിയും മോഡലുമായ ധനശ്രീ വര്‍മയും ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അതിവേഗത്തിലാണ് പ്രചരിച്ചത്. 34കാരനായ ചഹല്‍ ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കിയതോടെയാണ് ബന്ധം പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സജീവമായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ധനശ്രീയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.
എന്നാല്‍ ചഹലിന്‍റെ മദ്യപാനമാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് നിലവില്‍ പുറത്തുവരുന്നത്. രോഹിത് ശര്‍മയുടെ പിറന്നാള്‍ പാര്‍ട്ടിക്കിടെ എടുത്തതെന്ന് സംശയിക്കപ്പെടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട ചഹലിനെ സുഹൃത്ത് താങ്ങിയാണ് വാഹനത്തിനടുത്തേക്ക് കൊണ്ട് വരുന്നതും കയറ്റുന്നതും. 2023ലേതാണ് വിഡിയോ. ചിട്ടയില്ലാത്ത ജീവിതമാണ് അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചതെന്ന് ധനശ്രീയുടെ ആരാധകര്‍ പറയുമ്പോള്‍ ധനശ്രീയുടെ വഴിവിട്ട ജീവിതമാണ് ചഹലിനെ തകര്‍ത്തുകളഞ്ഞതെന്നാണ് ചില ആരാധകര്‍ പറയുന്നത്.
പുതിയ ജീവിതം ആരംഭിക്കുന്നുവെന്ന് ചഹല്‍ സമൂഹമാധ്യമത്തില്‍ 2023ല്‍ പോസ്റ്റിട്ടതിന് പിന്നാലെ ധനശ്രീ തന്‍റെ പേരില്‍ നിന്ന് ചഹലിന്‍റെപേര് നീക്കം ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്താണ് ചഹലും ധനശ്രീയും സുഹൃത്തുക്കളാകുന്നത്. ദ് രണ്‍വീര്‍ ഷോയില്‍ ധനശ്രീയുമായി പ്രണയത്തിലായതിനെ കുറിച്ച് ചഹല്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. 'എങ്ങനെയാണ് ഇത്രയും സന്തോഷവതിയായിരിക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ ലോക്ഡൗണ്‍ കാലത്ത് ധനശ്രീയോട് ചോദിച്ചു. അവള്‍ സ്വന്തം ജീവിതം പറയാന്‍ തുടങ്ങി. അവിടെ നിന്നാണ് ഞങ്ങള്‍ സൗഹൃദം തുടങ്ങിയത്. ആ വൈബ് എനിക്കിഷ്ടപ്പെട്ടു. സ്വന്തം വഴി കണ്ടെത്തി കരുത്തയായ സ്ത്രീയാണ് ധനശ്രീ. ഞാനും അങ്ങനെ ഒരാളാണ്. ഇഷ്ടമായതോടെ അമ്മയോടാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. ഡേറ്റ് ചെയ്യാന്‍ ഞാനില്ലെന്നും എനിക്ക് വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും ധനശ്രീയോട് തുറന്ന് പറയുകയായിരുന്നു'- ചഹല്‍ വെളിപ്പെടുത്തി. 2020 ഡിസംബര്‍ 11നായിരുന്നു ഇരുവരുടെയും വിവാഹം.
ധനശ്രീയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്ത വീണ്ടും മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നായിരുന്നു ചഹലിന്‍റെ പ്രതികരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.'കഠിനാധ്വാനമാണ് ആളുകളെ സ്വഭാവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. നിങ്ങളുടെ യാത്ര, വേദന ഇതൊക്കെ നിങ്ങള്‍ക്ക് അറിയാം. ഇവിടെ എത്തിച്ചേരാന്‍ നിങ്ങളെന്താല്ലാം ദുര്‍ഘടങ്ങള്‍ താണ്ടിയെന്നും നിങ്ങള്‍ക്കറിയാം. ഈ ലോകത്തിനറിയാം. തല ഉയര്‍ത്തി നില്‍ക്കൂ'- എന്ന് കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പങ്കുവച്ചിരുന്നു.