ഫോട്ടോയെടുക്കുന്നതിനിടെ ഗംഗാനദിയില്‍ മുങ്ങിത്താണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍ പണം ചോദിച്ചെന്ന് ആക്ഷേപം. ഉന്നാവോയില്‍ ഫോട്ടോയെടുക്കുന്നതിനായിറങ്ങി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആദിത്യ വര്‍ധന്‍ സിങ്ങിനെയാണ് കാണാതായത്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ തന്നെ രക്ഷിക്കാന്‍ തൊട്ടടുത്തുണ്ടായിരുന്ന സ്വകാര്യ കമ്പനിയിലെ മുങ്ങല്‍ വിദഗ്ധരോട് ആവശ്യപ്പെട്ടു. എന്നാല്‍ രക്ഷിക്കാന്‍ ഓണ്‍ലൈനായി പണമടയ്ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് സഹപ്രവര്‍ത്തകരുടെ ആക്ഷേപം . പണമടച്ചപ്പോഴേക്കും ആദിത്യ നദിയില്‍ മുങ്ങിത്താണിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ഉന്നാവോയിലെ ബിൽഹൗറിലെ നാനാമൗ ഘട്ടില്‍ ആദിത്യയെ കാണാതായത്. നാലാംദിവസവും തിരച്ചില്‍ തുടരുകയാണ്. ഗംഗാസ്നാനത്തിനിടെ സുഹൃത്തുക്കളോട് ഫൊട്ടോ എടുക്കാന് ആവശ്യപ്പെട്ടാണ് ആദിത്യ നിലയില്ലാത്ത ഭാഗത്തേക്ക് ഇറങ്ങിയത്. മുന്നറിയിപ്പ് പരിധിയും കഴിഞ്ഞ് പോയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തല്‍ അറിയുമായിരുന്നെങ്കിലും തിരിച്ചു കയറാന്‍ ആദിത്യക്ക് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയത്. 10,000 രൂപ നൽകണമെന്നാന്നായിരുന്നു മുങ്ങല്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടത്. കയ്യില്‍ പണമില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതോടെ ഓണ്‍ലൈനായി പണം നല്‍കാന്‍ നിര്‍ദേശിച്ചു. പണം ലഭിച്ചശേഷം മാത്രാണ് രക്ഷാപ്രവര്‍ത്തകര്‍ നദിയിലിറങ്ങിയതെന്നും ആദിത്യയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
തിരിച്ചില്‍ നടത്തുന്നതിനായി കമ്പനിയുടെ പക്കലുള്ള സ്റ്റീമറിന്‍റെ ഇന്ധനചെലിവിന് മാത്രമാണ് പണം ആവശ്യപ്പെട്ടതെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞു. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ മുങ്ങൽ വിദഗ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിപി അറിയിച്ചിട്ടുണ്ട്.
അതേസമയം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിവിൽ പൊലീസ്, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സംഘം നദിയുടെ 30 കിലോമീറ്റർ ചുറ്റളവിൽ തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉടന്‍ എത്തും. ലഖ്നൗവിലെ ഇന്ദിരാനഗർ സ്വദേശിയായ ആദിത്യ വാരാണസിയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.