രണ്ട് ദിവസമായി തുടരുന്ന പെരുമഴയില്‍ ആഗ്രയില്‍ വെള്ളപ്പൊക്കം. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിനടക്കം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ചരിത്ര സ്മാരകത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിനോട് ചേര്‍ന്ന പൂന്തോട്ടത്തിലടക്കം വെള്ളം കവിഞ്ഞൊഴുകുകയാണ്. അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ നടത്തുമെന്നും മഴ കഴിഞ്ഞാലുടന്‍ താജിലെ ഉദ്യാനം പുതുക്കിപ്പണിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പെരുമഴയില്‍ മുംതാസിന്‍റെയും ഷാജഹാന്‍റെയും ശവകുടീരങ്ങളോളം വെള്ളമെത്തിയെന്നാണ് താജിലെ ടൂറിസ്റ്റ് ഗൈഡിന്‍റെ വെളിപ്പെടുത്തല്‍. താജില്‍ നിന്നും പുറത്തുവന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയും ലോകാദ്ഭുതങ്ങളിലൊന്നായ പ്രണയസൗധത്തിന്‍റെ സുരക്ഷയെ ആശങ്കയിലാക്കുന്നുണ്ട്.
കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 151 മില്ലീമീറ്റര്‍ മഴയാണ് വ്യാഴാഴ്ച മാത്രം ആഗ്രയില്‍ പെയ്തത്. അതായത് ഈ പ്രദേശത്ത് പെയ്തതില്‍ ഏറ്റവുമധികം മഴ ലഭിച്ചത് താജ്മഹലിന്‍റെ പരിസരത്തെന്ന് ചുരുക്കം. കഴിഞ്ഞ 80 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ആഗ്രയില്‍ മഴ ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു. താജ്മഹലിന് പുറമെ ആഗ്ര കോട്ട, ഫത്തേപുര്‍ സിക്രി, ജുനാജുന്‍ കാ കടോര, റാംബാഗ്, മെഹ്താബ് ബാഗ്, ചിനി കാ റൗസ, അക്ബറിന്‍റെ കുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ മഴയെ തുടര്‍ന്ന് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.