tirupati-laddu

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന വിവാദം ആന്ധ്രാപ്രദേശിൽ വലിയ ചലനങ്ങളുണ്ടാക്കുമ്പോഴും ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. നാല് ദിവസത്തിനുള്ളിൽ പതിനാല് ലക്ഷത്തിലധികം ലഡു വിറ്റതായാണ് ക്ഷേത്രം അധികൃതർ അറിയിക്കുന്നത്. 

സെപ്തംബർ 19 ന് 3.59 ലക്ഷം, 20 ന് 3.17 ലക്ഷം, 21 ന് 3.67 ലക്ഷം, 22 ന് 3.60 ലക്ഷം എന്നിങ്ങനെയാണ് ലഡുവിന്‍റെ വില്‍പന കണക്ക്. അതേസമയം, വിവാദത്തിന് മുന്‍പും ദിവസേന ശരാശരി 3.5 ലക്ഷം ലഡ്ഡു വരെ ക്ഷേത്രത്തില്‍ വിതരണം ചെയ്യാറുണ്ട്. അതായത് ഒരിടത്ത് വിവാദം കത്തുമ്പോളും ക്ഷേത്രത്തിലെ പ്രസാദ വില്‍പനയെ ഇത് തെല്ലും ബാധിച്ചിട്ടില്ലെന്ന് സാരം. പ്രത്യേക ദിവസങ്ങളിലും ഉത്സവങ്ങളിലും 4 ലക്ഷം വരെ ലഡ്ഡു തയ്യാറാക്കാറുണ്ട്. 

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പെരുമയെഴും പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ആന്ധ്രാപ്രദേശ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലഡുവിൽ മൃഗകൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പരിഹാര ക്രിയകളും നടത്തിയിരുന്നു.

300 വർഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിന്. 1715 മുതലാണ് ലഡ്ഡു ഭഗവാന് നിവേദിക്കാനും പ്രസാദമായി നല്‍കാനും തുടങ്ങിയത്. ശുദ്ധവും നറുമണവും ഉയർന്ന ഗുണമേന്മയുള്ള നെയ്യാണ് ലഡ്ഡുവിന്‍റെ ചേരുവകളില്‍ പ്രധാനപ്പെട്ടത്. എല്ലാ ദിവസവും കുറഞ്ഞത് 400-500 കിലോ നെയ്യ്, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവയാണ് ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഇതിനായ് പ്രതിവര്‍ഷം 5 ലക്ഷം കിലോ നെയ്യാണ് തിരുമല തിരുപ്പതി ദേവസ്ഥാനം വാങ്ങാറുള്ളത്. ലഡ്ഡു നിർമാണത്തിൽ വിദഗ്ധരായ 600 പ്രത്യേക പാചകക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി ലഡ്ഡു തയാറാക്കുന്നത്.

ENGLISH SUMMARY:

Even as the animal fat controversy in Tirupati Venkatachalapati temple's laddus is creating a stir in Andhra Pradesh, there is no shortage of sales of laddus at the temple. The temple authorities inform that more than 14 lakh laddus have been sold in four days.