വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം വൈകിയത് ആശങ്ക പരത്തി. ഇന്നലെ രാത്രി 9.40ഓടെ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് വിമാനത്തിന്‍റെ വാലറ്റത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ പൈലറ്റിനെ വിവരമറിയിക്കുകയും തുടര്‍ന്ന് എന്‍ജിന്‍ ഓഫാക്കി അപകടമൊഴിവാക്കുകയുമായിരുന്നു. ബോയിങ് 77–300 ന്‍റെ EK547 ഫ്ലൈറ്റിലായിരുന്നു സംഭവം.
അഗ്നിരക്ഷാസേനയെത്തിയാണ് പുക പൂര്‍ണമായും അണച്ചത്. വിദഗ്ധരും സ്ഥലത്തെത്തി മതിയായ സുരക്ഷാപരിശോധനകള്‍ നടത്തി. അതേസമയം, ഇന്ധനം നിറയ്ക്കുന്നതിനിടെ പുക ഉയരാനുണ്ടായ കാരണം അവ്യക്തമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധന ടാങ്കിലുണ്ടായിരുന്ന അധിക ഇന്ധനം ചൂടുപിടിച്ചതിനെ തുടര്‍ന്നാവാം പുക ഉയര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പുക കണ്ടെത്തി 10 മിനിറ്റിനുള്ളില്‍ അത് പരിഹരിച്ചുവെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇന്ധന ടാങ്കില്‍ അമിതമായി ഇന്ധനം നിറഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ ആശങ്കകള്‍ പരിഹരിച്ചുവെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
320 യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്യാനിരുന്നത്. യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി വിശ്രമകേന്ദ്രത്തിലേക്ക് മാറ്റി. ഒടുവില്‍ 280 യാത്രക്കാരുമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വിമാനം യാത്ര ആരംഭിച്ചത്. മറ്റുള്ളവര്‍ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ഈ ഫ്ലൈറ്റിലെ യാത്ര ഉപേക്ഷിക്കുകയായിരുന്നു.