salil-ankola

ഫോട്ടോ: എക്സ്

TOPICS COVERED

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനെയിലെ പ്രഭാത് റോഡിലെ ഫ്ളാറ്റില്‍ കഴുത്തറുത്ത നിലയിലാണ് മാലാ അശോക് അങ്കോളയെ(77) കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. 

വീട്ടുജോലിക്കാരിയാണ് ചോരയൊലിപ്പിച്ച നിലയില്‍ മാല അശോകിനെ ആദ്യം കാണുന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകം ആണോ ജീവനൊടുക്കിയതാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ പിടിവലിയോ മറ്റോ നടന്നതിന്റെയൊന്നും ലക്ഷണങ്ങളൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വീട്ടില്‍ നിന്ന് ബഹളങ്ങളൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികളുടെ മൊഴി. എന്നാല്‍ കൊലപാതക സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണത്തിനായി ഒന്നിലധികം പൊലീസ് സംഘങ്ങളെ നിയോഗിച്ചു. 

1989 മുതല്‍ 1997 വരെയാണ് സലീല്‍ അങ്കോള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നത്. ഈ കാലയളവില്‍ ഇന്ത്യക്കായി കളിക്കാനായത് ഒരു ടെസ്റ്റ് മത്സരവും 20 ഏകദിനങ്ങളും. 1989ല്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് സലീല്‍ ഉള്‍പ്പെട്ടത്. അവസാന ഏകദിനം കളിക്കുന്നത് 1997ലും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇത്. 

ക്രിക്കറ്റില്‍ നിന്ന് സിനിമയിലേക്ക് ചുവടുമാറ്റിയ താരമാണ് സലീല്‍ അങ്കോള. 1990ലാണ് അഭിനയ രംഗത്ത് സലില്‍ അരങ്ങേറ്റം കുറിക്കുന്നത്. റിയാലിറ്റി ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിന്റെ ആദ്യ സീസണിലും സലില്‍ പങ്കെടുത്തിരുന്നു. ഫിയര്‍ ഫാക്ടര്‍ ഇന്ത്യ, പവര്‍ കപ്പിള്‍ എന്നീ ഷോകളിലും അദ്ദേഹം ഭാഗമായിരുന്നു. 

ENGLISH SUMMARY:

Former Indian cricketer Salil Ankola's mother was found dead under mysterious circumstances. Mala Ashok Ankola (77) was found with his throat slit in his flat on Prabhat Road, Pune.